gopakumar

അടൂർ : കെ.എസ്.ടി.പി, നഗരസഭ, പൊലീസ് എന്നിവരുടെ സംയുക്തയോഗം 15ന് മുൻപ് ചേർന്ന് ബൈപാസ് നടപ്പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ താലൂക്ക് വികസനസമിതിയോഗത്തിൽ നിർദ്ദേശിച്ചു. ജലലഭ്യത ഉറപ്പു വരുത്തുന്നതിനായി വകുപ്പുമന്ത്രിയുമായി നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രശ്നപരിഹാരം സാദ്ധ്യമാകുമെന്നും ഏനാത്ത് ബെയ്ലിപാലം നിന്നസ്ഥലത്ത് നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ ടൗണിലെ പാലങ്ങളുടെയും വിവിധ റോഡുകളുടെയും പണി പൂർത്തിയാകുന്നമുറയ്ക്ക് ടൗണിലേയും പരിസരത്തേയും പാർക്കിഗ് പ്രശ്നവും ഗതാഗതക്കുരുക്കും ഒഴിവാകുമെന്ന് നഗരസഭാ ചെയർമാൻ ഡി.സജി അറിയിച്ചു. അടൂർ ഭാഗത്തെ വെള്ളപ്പൊക്കഭീഷണി ഒഴിവാക്കുന്നതിനും ഒാടകളുടെ പുനക്രമീകരണം നടത്തുന്നതിനും വിവിധവകുപ്പുകളുടെ സംയുക്തയോഗം കൂടാനും തീരുമാനിച്ചു.