പത്തനംതിട്ട : കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗം, വിൽപന, കൈമാറ്റം, കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി തുടർന്നുവന്ന സ്പെഷ്യൽ ഡ്രൈവിൽ അറസ്റ്റിലായത് 119 പേർ. ആകെ 116 കേസുകളിലായാണ് ഇത്രയും പ്രതികളെ പിടികൂടിയത്. ജില്ലാ ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ് ), സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പൊലീസ് നടപടി നടന്നത്.
നർകോട്ടിക് സെൽ ഡിവൈ.എസ്.പിയും ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറുമായ ആർ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ജില്ലയിൽ പൊലീസ് നിരീക്ഷണവും പരിശോധനകളും തുടരുന്നുണ്ട്. മുൻകാലങ്ങളിൽ സമാന കുറ്റങ്ങൾ ചെയ്തവരെ നിരീക്ഷിച്ചുവരുന്നു.
'' കഞ്ചാവ്, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കെതിരായ പരിശോധനകളും
പൊലീസ് നടപടിയും തുടരും.
സ്വപ്നിൽ മധുകർ മഹാജൻ,
ജില്ലാ പൊലീസ് മേധാവി
കഞ്ചാവുമായി പിടിയിൽ
പത്തിലധികം ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നടപടികൾക്ക് വിധേയനാവുകയും ചെയ്ത പത്തനംതിട്ട കുലശേഖരപതി മൂലക്കൽ പുരയിടം ഷാജഹാനെ (37) 80 ഗ്രാം കഞ്ചാവുമായി പത്തനംതിട്ട പൊലീസ് പിടികൂടി. കഴിഞ്ഞ രാത്രി എട്ടുമണിക്കുശേഷം പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം പൊലീസിനെ കണ്ട് കയ്യിലിരുന്ന പൊതി വലിച്ചെറിയാൻ ശ്രമിച്ച ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എസ്.ഐ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. പലതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 2018ൽ ഇയാൾക്കെതിരെ കാപ്പാ പ്രകാരമുള്ള നടപടികളെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.