അടൂർ: കോഴിക്കടയിൽ ചാക്കുകളിൽ ഒളിപ്പിച്ചു വച്ച പാൻ മസാലാ പാക്കറ്റകൾ ഡാൻസാഫ് സംഘവും ഏനാത്ത് പൊലീസും ചേർന്ന് പിടിച്ചെടുത്തു. പൊതു വിപണിയിൽ മൂന്നര ലക്ഷത്തിലധികം വിലവരുന്ന 267 പാക്കറ്റുകൾ നെല്ലിമുകളിലെ ജയന്റെ കോഴിക്കടയിൽ നിന്നാണ് പിടിച്ചത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് കൈമാറിയതിനെ തുടർന്നാണ് നടപടി. പൊലീസിനെ കണ്ട് കടയുടമ ജയൻ ഓടി രക്ഷപ്പെട്ടു. ഇയാളുടെ കടയിൽ സ്ഥിരമായി ഇത്തരം ഉൽപന്നങ്ങൾ വിറ്റുവരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുണ്ട്. ഏനാത്ത് പൊലീസ് ഇൻസ്പെക്ടർ സുജിത്തിന്റെ മേൽനോട്ടത്തിൽ എസ്. ഐ സുമേഷാണ് പാൻമസാല കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘത്തിൽ ഡാൻസാഫ് ടീമിലെ എസ്.ഐ വിൽസൺ, സി.പി.ഒ മാരായ മിധുൻ ജോസ്, രാജിത്ത്, ശ്രീരാജ്, ദിനു ഏനാത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ കിരൺ, മനൂപ്, പുഷ്പദാസ് എന്നിവരുമുണ്ടായിരുന്നു.