കോഴഞ്ചേരി : ധർമ്മത്തെ സംരക്ഷിക്കാനുള്ള വ്യവസ്ഥ കൃത്യമമായി ഉണ്ടാക്കിയതല്ലെന്നും കുടുംബം എന്ന സാമൂഹിക വ്യവസ്ഥയിലൂടെയാണ് അത് നിലനിൽക്കുന്നതെന്നും സീമ ജാഗരൺ മഞ്ച് ദേശീയ സംയോജകൻ എ.ഗോപാലകൃഷ്ണൻ പറഞ്ഞു. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ രണ്ടാംദിവസം നടന്ന മാർഗദർശന സഭയിൽ ധർമ്മ രക്ഷയ്ക്ക് കുടുംബവും രാഷ്ട്രവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവാഹ ജീവിതം ഉൾപ്പെടെ എല്ലാം ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതമാണ് കുടുംബം എന്ന സാമൂഹികവ്യവസ്ഥ. വിവാഹ സങ്കൽപ്പം ഓരോ പ്രദേശത്തും ഓരോ തരത്തിലാണ്. എന്നാൽ അവയിലെല്ലാം ധർമ്മത്തിന്റെ സങ്കൽപ്പങ്ങൾ കാണാം. യജ്ഞ സങ്കൽപ്പത്തിലുള്ള ജീവിതം എടുക്കുകയും കൊടുക്കുകയും ചെയ്യുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
പഞ്ചമഹായജ്ഞങ്ങൾ അനുഷ്ഠിക്കുന്നവരാണ് കുടുബ ജീവിതത്തിലൂടെ ധർമ്മത്തെ നിലനിറുത്തുന്നതെന്ന് എ.ഗോപാലകൃഷ്ണൻ പറഞ്ഞു.
വേദങ്ങളുടെ അടിസ്ഥാനത്തിലാണ് സനാതനധർമം പ്രവർത്തിക്കുന്നതെന്ന് ഗുരുപദം ആചാര്യൻ ഡോ.ടി.എസ്.വിജയൻ കാരുമാത്ര പറഞ്ഞു. ധർമ രക്ഷയ്ക്ക് കുല ദൈവങ്ങളും ക്ഷേത്രങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാകളക്ടർ ദിവ്യ എസ്. അയ്യർ, ഹിന്ദുമത മഹാമണ്ഡലം ജോയിന്റ് സെക്രട്ടറി ഡി.രാജഗോപാൽ, ജനറൽ കമ്മിറ്റിഅംഗം വി.വിജയകുമാരൻ എന്നിവർ പ്രസംഗിച്ചു.