1
കോട്ടങ്ങൽ പടയണിയിൽ കുളത്തൂർ കരയുടെ കാലൻ കോലം

മല്ലപ്പള്ളി: കോട്ടാങ്ങൽ ശ്രീ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ കുളത്തൂർ, കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ നടന്നുവന്ന എട്ടുപടയണി സമാപിച്ചു. ഇന്ന് ഇരു കരക്കാരും പുല വൃത്തം തുള്ളി പിരിയും. ഇന്നലെ കോട്ടാങ്ങൽ കരക്കാരുടെ വലിയ പടയണി നടന്നു.

രാത്രിയിൽ നടന്ന വലിയ പടയണി ചടങ്ങുകൾ കരക്കാരെ വിശ്വാസത്തിന്റെ പാരമ്യതയിലേക്ക് നയിച്ചു.രാത്രി 1മണിക്ക് 101പാള ഭൈരവി കോലം കളത്തിൽ എത്തി.

തുടർന്ന് 16, 32, 64 പാള ഭൈരവികൾ, അരക്കി യക്ഷി, സുന്ദര യക്ഷി, മറുത,കൂട്ട മറുത, പക്ഷി എന്നീ കോലങ്ങളും തുള്ളിയൊഴിഞ്ഞു.

നാലുമണിയോട് കൂടി കാലൻ കോലം കളത്തിലെത്തി. പുലർച്ചെ 6.15നെത്തിയ മംഗള ഭൈരവിയോടെ വലിയ പടയണി സമാപിച്ചു. തുടർന്ന് പാരമ്പര്യ ആചാരത്തിന്റെ ഭാഗമായി കോട്ടാങ്ങൽ അമ്മ കല്ലൂപ്പാറ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളി. ക്ഷേത്രത്തിൽ നിന്ന് കാവും കടവിലേക്ക് നടന്ന എഴുന്നെള്ളത്തിൽ ഇരു കരക്കാരും പങ്കെടുത്തു. ഇന്ന് വൈകിട്ട് ക്ഷേത്രത്തിൽ കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ പുല വൃത്തം തുള്ളി 28 പടയണിക്ക് പര്യവസാനം കുറിക്കും. ശ്രീദേവി വിലാസം പടയണി സംഘം കുളത്തൂർ, ശ്രീഭദ്ര പടയണി സംഘം കോട്ടാങ്ങൽ, ശ്രീ മഹാ ഭദ്രകാളി ക്ഷേത്രം ഭരണസമിതി( കോട്ടാങ്ങൽ ദേവസ്വം ),എന്നിവർ നേതൃത്വം നൽകി.