കല്ലേറ് കണ്ട് വ്യാപാരികളും യാത്രക്കാരും ഒാടി രക്ഷപ്പെട്ടു
പത്തനംതിട്ട : പുതിയ ബസ് സ്റ്റാൻഡിൽ ഇന്നലെയും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. കല്ലേറിൽ പരിക്കേൽക്കാതിരിക്കാൻ യാത്രക്കാരും വ്യാപാരികളും ഒാടി രക്ഷപ്പെട്ടു. വൈകിട്ട് നാല് മണിയോടെയാണ് നഗരത്തിലെ സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലടിച്ചത്. സ്റ്റാൻഡിനു മുന്നിൽ പ്രധാന കവാടത്തിൽ നിന്നാരംഭിച്ച അടി , യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന ഭാഗത്തേക്കും വ്യാപിച്ചു. വിദ്യാർത്ഥികൾ പരസ്പരം അസഭ്യം വിളികളും കല്ലേറും നടത്തി. ചിലർക്ക് പരിക്കേറ്റതായും പറയുന്നു. കയ്യിലിരുന്ന ഹെൽമെറ്റ് ഉ പയോഗിച്ചും അടി നടന്നു. ഇതെല്ലാം കണ്ട് വ്യാപാരികൾ കടകൾക്കുള്ളിൽ കയറി രക്ഷപ്പെട്ടു. യാത്രക്കാർ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഓടിക്കയറി. വിദ്യാർത്ഥികൾ തമ്മിലെ പ്രണയ വിഷയങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് പറയുന്നുണ്ട്. വൈകിട്ട് സ്‌കൂൾ വിട്ടുവന്ന സമയത്താണ് ബഹളം തുടങ്ങിയത്.
ബസ് സ്റ്റാൻഡിൽ രണ്ടാഴ്ചയായി സ്ഥിരം സംഘർഷം നടക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ബസ് സ്റ്റാൻഡ് അക്രമികളുടെയും സാമൂഹ്യ വിരുദ്ധരുടെയും വിളയാട്ട കേന്ദ്രമായിട്ടും പൊലീസിന് കുലുക്കമില്ല. സംഘർഷം കഴിഞ്ഞ് സ്ഥലത്ത് എത്തുന്നത് പൊലിസിന്റെ സ്ഥിരം ശൈലിയായി മാറിയെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. നിരന്തരം സംഘർഷ സ്ഥലമായിട്ടും പത്തനംതിട്ട സ്റ്റാൻഡിൽ പൊലീസിനെ സ്ഥിരമായി ഡ്യൂട്ടിക്ക് നിയോഗിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.