ചെങ്ങന്നൂർ: ഇടനാട് വഞ്ഞിപ്പോട്ടിൽ കടവിൽ വരട്ടാർ പുനരുജ്ജീവനത്തിന്റെ മറവിൽ നടക്കുന്നത് വൻ മണൽക്കൊള്ളയെന്ന് ആക്ഷേപം. എല്ലാം സുതാര്യമെന്നു പറയുമ്പോഴും പണി നടക്കുന്ന പ്രദേശത്തേക്കു ആർക്കും പ്രവേശനമില്ല. അനുവാദം കൂടാതെ പ്രവേശിക്കരുതെന്നു മുന്നറിയിപ്പു ബോർഡും സ്ഥാപിച്ചു കഴിഞ്ഞു. അളന്നു തിട്ടപ്പെടുത്തിയ സ്ഥലത്ത് തീരം നിലനിറുത്തി ഖനനം ചെയ്യുമെന്നു പ്രഖ്യാപിച്ചെങ്കിലും വഞ്ഞിപ്പോട്ടിൽ കടവിൽ മണൽ ഖനനമാണ് നടത്തുന്നത്. വെള്ളത്തിൽ തൊടില്ലെന്നും ഇരുകരകളിലും അടിഞ്ഞ മണ്ണ് നീക്കുന്നതാണ് ആദ്യഘട്ടമെന്നു പറഞ്ഞെങ്കിലും വെള്ളത്തിൽ നിന്ന് മണൽ ഡ്രജ്ജ് ചെയ്ത് അരിച്ചുകൂട്ടുകയാണ്. പല തരത്തിൽ മണൽ വേർതിരിച്ചു കഴികിയെടുക്കാൻ വിവിധയിനം അരിപ്പകളും തീരത്തോടു ചേർന്നു ചെറിയ കുളങ്ങളും നിർമ്മിച്ചിട്ടുണ്ട്. ഇതിനായി മണൽച്ചാക്ക് അടുക്കിയും, ചാലു കീറിയും, പ്ലാസ്റ്റിക് വിരിച്ചുമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മൂല്യമുള്ള മണൽ വേർതിരിക്കുമ്പോൾ നേരിടുന്ന കാലതാമസം കണക്കിലെടുത്താൽ വരുന്ന കാലവർഷത്തിനു മുൻപ് വരട്ടാറിലെ നീരൊഴുക്കിന്റെ തടസം നീക്കാൻ കഴിയില്ല. വരട്ടാർ പുനരുജ്ജീവനത്തിന്റെ പേരിൽ ഇപ്പോൾ നടക്കുന്നത് വ്യാപക മണൽകൊള്ളയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വരട്ടാർ പുനരുജ്ജീവനം രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണ് നീക്കുന്ന ജോലികളാണ് നിലവിൽ നടത്തുന്നത്. വഞ്ഞിപ്പോട്ടിൽ കടവിൽ 300 മീറ്ററോളം വീതിയുള്ള ഈ ഭാഗത്ത് 100 മീറ്റർ വീതിയിൽ മാത്രമേ മണ്ണ് നീക്കുന്നുളളൂ എന്നാണ് ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവിടെ കൂട്ടുന്ന മണ്ണ് അളന്ന ശേഷം മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പിൽ പണം അടച്ചശേഷം എക്സിക്യൂട്ടീവ് എൻജിനീയറുടെ പേരിൽ നൽകുന്ന പാസ് അനുസരിച്ചാണ് മണ്ണ് നീക്കുന്നത് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ മണ്ണ് ഖനനം ചെയ്യുന്നതിന് ജല അതോറിട്ടി എത്ര രൂപ ചെലവഴിക്കും, റോയൽറ്റി തുക കണക്കാക്കി മണ്ണ് നീക്കുന്നതിന് സുതാര്യത ഉറപ്പാക്കാൻ എന്ത് മേൽനോട്ടമാണ് ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങൾ ഇപ്പോഴും വ്യക്തമല്ല.
ഇവിടെ നിലനിന്നിരുന്ന ചപ്പാത്ത് പൊളിച്ച് പകരം പാലം നിർമ്മിക്കുമെന്ന വാഗ്ദാനമുണ്ടായിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ആറ്റുപുറമ്പോക്കിൽ തെങ്ങ്, മാവ് , പൂവരശ് തുടങ്ങിയ മരങ്ങൾ നിൽപ്പുണ്ട്. എന്നാൽ നീക്കം ചെയ്യുന്ന മരങ്ങൾ ലേലം ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഇക്കാര്യങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ ഇല്ലെന്നും നാട്ടുകാർ പറയുന്നു.
നിയമലംഘനമെന്ന് പരാതി
നൂറ്റാണ്ടുകൾക്ക് മുൻപ് ഈ പ്രദേശത്തു അടിഞ്ഞു കൂടിയ മണൽ ഖനനമാണ് യന്ത്രവത്കൃത ഡ്രജ് ജിംഗിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യാതൊരു വിധ പരിസ്ഥിതി ആഘാത പഠനമോ ശാസ്ത്രിയ പഠന റിപ്പോർട്ടുകളോ നടന്നിട്ടില്ല. നിലവിലെ നിയമമനുസരിച്ച് മണലിന്റെ ഉടമസ്ഥാവകാശം മുൻസിപ്പാലിറ്റിക്കാണ്. എന്നാൽ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഇവിടെ മണലൂറ്റ് നടക്കുന്നതെന്ന് വാർഡ് കൗൺസിലർ മനീഷ് കീഴാമഠത്തിൽ പറഞ്ഞു.