ഉദ്യോഗസ്ഥരെ മന്ത്രി ശകാരിച്ചു
പത്തനംതിട്ട : കുമ്പഴ മേഖലയിലെ ജലവിതരണ പ്രശ്നം പരിഹരിക്കുന്നതിനായി ജല വിഭവ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം പത്തനംതിട്ട നഗരസഭയിൽ വിളിച്ച യോഗത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുക്കാഞ്ഞത് സംബന്ധിച്ച വിവരം അറിയാൻ മന്ത്രി എക്സിക്യൂട്ടീവ് എൻജിനീയറെ വിളിച്ചപ്പോൾ ഓഫീസിൽ ആരും ഇല്ലെന്ന മറുപടിയാണ് നൽകിയത്. ഇതു കേട്ട് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്യോഗസ്ഥരെ ശകാരിച്ചു . കൗൺസിലർമാർ മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ഇന്നലെ വൈകിട്ട് നാലിനാണ് നഗരസഭ ചെയർമാന്റെ ചേംബറിൽ യോഗം വിളിച്ചത്. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന കുമ്പഴ മേഖലയിലെ 15 മുതൽ 21 വരെ വാർഡുകളിലെ പ്രശ്നം ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ഇതോടൊപ്പം എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനായുള്ള അമൃത് പദ്ധതിയെപ്പറ്റിയും ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു. ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, വൈസ് ചെയർ പേഴ്സൺ ആമീന ഹൈദ്രാലി, കൗൺസിലർമാരായ ജെറി അലക്സ് , ഇന്ദിരാമണിയമ്മ, അംബിക വേണു, വിമലാ ശിവൻ, സുജ അജി, ലാലി രാജു എന്നിവർ 4.45 വരെ കാത്തിരുന്നിട്ടും ജല അതോറിറ്റി ഓഫീസിൽ നിന്ന് ആരും എത്തിയില്ല. പരാതി നൽകിയ കൗൺസിലർമാർ മന്ത്രിയെ നേരിട്ട് വിളിച്ച് ഇക്കാര്യം അറിയിച്ചു. ഇതേ തുടർന്നാണ് മന്ത്രി എക്സിക്യുട്ടീവ് എൻജിനീയറെ ഫോണിൽ വിളിച്ച് ശാസിച്ചത്. കുമ്പഴ മേഖലയിൽ പൈപ്പ് ലൈനിലെ തകരാർ കാരണം മിക്ക സ്ഥലത്തും വെള്ളം ലഭ്യമല്ല. വളവുങ്കൽ മുതൽ മുസലിയാർ കോളേജ് വരെയുള്ള ഭാഗത്ത് മാസങ്ങളായി പൈപ്പ് പൊട്ടി ജലം പാഴാകുകയാണ്.പുതിയ പൈപ്പ് ലൈനിന്റെ പണികളും ഇഴഞ്ഞ് നീങ്ങുകയാണ്. നിരവധി തവണ കൗൺസിലർമാർ വാട്ടർ അതോറിറ്റി ഓഫീസിൽ സമരം നടത്തിയതാ ണെങ്കിലും പരിഹാരം ഉണ്ടായില്ല.