ചെങ്ങന്നൂർ: പഞ്ചായത്ത് കുളം വൃത്തിയാക്കുന്നതിന്റെ മറവിൽ അനധികൃതമായി പാടം നികത്തിയ മണ്ണുമാന്തിയന്ത്രം വില്ലേജ് ഓഫീസർ പിടികൂടി. ഇന്നലെ വൈകിട്ട് 5ന് പുലിയൂർ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള പനയത്തുകുളം വൃത്തിയാക്കുന്നതിന്റെ മറിവിലാണ് നിലം നികത്തൽ നടന്നത്. വില്ലേജ് ഓഫീസ‌ർ എത്തുന്നത് കണ്ട ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. 5.30ന് സംഭവം പൊലീസിനെ അറിയിച്ചെങ്കിലും മൂന്ന് മണിക്കൂർ വൈകി രാത്രി 8.30നാണ് ഇവർ സ്ഥലത്തെത്തിയത്. പൊലീസ് എത്താൻ വൈകിയത് നാട്ടുകാരിൽ പ്രതിഷേധത്തിന് കാരണമായി. മണ്ണ് മാഫിയാസംഘത്തെ സഹായിക്കാനാണ് പൊലീസ് എത്താതിരുന്നതെന്ന് ഇവർ ആരോപിച്ചു. കളക്ടർ വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്