കോന്നി: പുനലൂർ - മൂവാറ്റുപ്പുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് റോഡിലെ പൈപ്പുകൾ പൊട്ടി കഴിഞ്ഞ ആറു മാസങ്ങളായി കുടിവെള്ളം കിട്ടാതെ നിരവധി കുടുംബങ്ങൾ ദുരിതത്തിലായതായി പരാതി. മാരൂർപാലം മുതൽ പൂവൻപാറ വരെയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളാണ് വേനൽ കടുത്തതോടെ കുടിവെള്ളമില്ലാതെ ഗതികേടിലായത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് പണികൾ നടക്കുന്നതിനാൽ പലഭാഗങ്ങളിലും റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈനുകൾ പലതും വിച്ഛേദിക്കപ്പെട്ടുകിടക്കുകയാണ്. വേനൽ കനത്തതോടെ റോഡിന്റെ ഇരുവശങ്ങളിലുമായി താമസിക്കുന്നവരുടെയും, ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും കിണറുകൾ വറ്റിവരണ്ടു. എലിയറയ്ക്കൽ ശബരി ബാലികാസദനത്തിലേക്കുള്ള വഴി ഓട നിർമ്മാണത്തിനായി പൊളിച്ചു. നിർമ്മാണം പൂർത്തിയായങ്കിലും സ്ലാബിട്ട് സഞ്ചാരയോഗ്യമാക്കാത്തത് ഈ പ്രദേശത്തെ നിരവധി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. ബാലികാസദനത്തിൽ 70 ഓളം കുട്ടികളുണ്ട്. ഇവർക്ക് അടക്കം പ്രദേശത്തെ കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമല്ല. വഴി സഞ്ചാരയോഗ്യമാക്കിയാൽ ടാങ്കർ ലോറികളിലും, വീപ്പകളിലുമായി കൊണ്ടുവരുന്ന വെള്ളം വില കൊടുത്തു വാങ്ങാൻ പോലും പ്രദേശവാസികൾ തയാറാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കാൻ പഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തോടുകൾ വറ്റിവരണ്ടതോടെ കുളിക്കാനും, വസ്ത്രങ്ങൾ അലക്കാനും, വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനുമുള്ള സാഹചര്യവും ഇല്ലാതായതോടെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് നിരവധി കുടുംബങ്ങൾ.