സന്യാസിവേഷത്തിലെന്ന് സർക്കാർ ഉദ്യോഗസ്ഥന്റെ മൊഴി

പത്തനംതിട്ട: സിനിമ റെപ്രസെന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് 38 വർഷമായി അന്വേഷിക്കുന്ന പ്രതി സുകുമാരക്കുറുപ്പ് സന്യാസിയായി ജീവിച്ചിരിപ്പുണ്ടെന്നും 15 വർഷം മുമ്പ് അദ്ദേഹവുമായി ഒരു മാസത്തോളം ഗുജറാത്തിൽ സൗഹൃദത്തിലായിരുന്നുവെന്നും പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജർ റെൻസീം ഇസ്മയിലിന്റെ വെളിപ്പെടുത്തൽ. അന്ന് അവിടെ സ്കൂൾ അദ്ധ്യാപകനായിരുന്നു റെൻസീം.

അന്ന് സുകുമാരക്കുറുപ്പിന്റെ ഫോട്ടോ കൊണ്ടുപോയി

അയാൾ തങ്ങിയിരുന്ന ആശ്രമത്തിലടക്കം കാണിച്ചപ്പോൾ, ഇതു നമ്മുടെ മലയാളി സ്വാമി എന്നാണ് മഠാധിപതി അടക്കമുള്ളവർ പറഞ്ഞത്. ഇതനുസരിച്ച് ആലപ്പുഴയിലെത്തി പൊലീസിനെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇക്കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിലെ യാത്രാ വിവരണങ്ങളെപ്പറ്റിയുള്ള ബ്ളോഗിലെ വീഡിയാേയിൽ വീണ്ടും ആ സന്യാസിയെ കണ്ടതോടെ ജനുവരി അഞ്ചിന് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് അന്വേഷണത്തിന് ഒരുങ്ങിയത്. ക്രൈംബ്രാഞ്ച് സംഘത്തിന് റെൻസീം തെളിവുകൾ കൈമാറി. ഇത് വിശകലംചെയ്തശേഷം അന്വേഷണസംഘം ഗുജറാത്തിലേക്ക് പുറപ്പെടും.

ചായക്കടയിലെ പരിചയം

റെൻസീം പറയുന്നത്: 2007ൽ ഈഡർ സദാപുരയിലെ ആശ്രമത്തിലാണ് സന്യാസി വേഷത്തിൽ സുകുമാരക്കുറുപ്പ് താമസിച്ചിരുന്നത്.

തൊട്ടടുത്ത കട‌യിലിരുന്ന് ചായ കുടിക്കുമായിരുന്ന താൻ, മലയാളി വേഷത്തിൽ സന്യാസിയെ കണ്ടപ്പോൾ പരിചയപ്പെട്ടു. ശങ്കര ഗിരിഗിരി എന്ന് പേര് പറഞ്ഞു.

ഞങ്ങൾ സുഹൃത്തുക്കളായി. സംസ്‌കൃതം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, അറബി, മലയാളം ഭാഷകൾ അദ്ദേഹം സംസാരിച്ചിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്നതായും ഭാര്യയും മക്കളും അപകടത്തിൽ മരിച്ചശേഷം നാട് വിട്ടതാണെന്നും പറഞ്ഞു. പൂർവാശ്രമത്തിലെ പേര് ചന്ദ്രശേഖരൻ നമ്പൂതിരി എന്നാണ് പറഞ്ഞത്. ഒരുമിച്ച് സുഹൃത്തുക്കളുടെ വീടുകളിൽ പോയിരുന്നു.

ആ വർഷം അവധിക്ക് നാട്ടിൽ വന്നപ്പോൾ സുകുമാരക്കുറുപ്പ് വിഷയം വലിയ ചർച്ചയായിരുന്നു. സുകുമാരക്കുറുപ്പിന്റെ ഫോട്ടോ നോക്കിയപ്പോൾ ഞാൻ കണ്ട സ്വാമിയുടെ അതേമുഖം. അങ്ങനെയാണ് ഫോട്ടോ കൊണ്ടുപോയി അവിടെയുള്ളവരെ കാണിച്ചത്. അപ്പോഴേക്കും അയാൾ അവിടെനിന്ന് ബംഗളൂരുവിലേക്കെന്നു പറഞ്ഞ് അപ്രത്യക്ഷനായിരുന്നു.

നാട്ടിലെത്തി ആലപ്പുഴ എസ്.പിയെ അറിയിച്ചെങ്കിലും തുടരന്വേഷണം ഉണ്ടായില്ല. 2010ൽ ബിവറേജസിൽ ജോലി കിട്ടിയതിനെ തുടർന്ന് റെൻസീം മടങ്ങിപ്പോന്നു.