അടൂർ : ഏഴുകുളങ്ങളുള്ള സ്ഥലമെന്ന നിലയിലയിലാണ് ഏഴംകുളത്തിന് ആ പേര് കൈവന്നത്. ആ കുളങ്ങളിൽ ഏറ്റവും പ്രമുഖം ഏഴംകുളം പഞ്ചായത്ത് 18-ാംവാർഡിലെ അറുകാലിക്കൽ എൽ.പി സ്കൂളിന് സമീപത്തുള്ള ഇൗഴരേത്ത് ചിറയാണ്. നിരവധി പാടശേഖരങ്ങളുടെ തലച്ചിറയായി നിലകൊണ്ട ഏറ്റവും വലിയ ചിറ.രണ്ടേക്കറോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഇൗചിറ വർഷങ്ങളായി ചെളിയും പായലും നിറഞ്ഞ് സംരക്ഷണമില്ലാതെ കിടക്കുകയായിരുന്നു. 2018 - 19ൽ അന്നത്തെ പഞ്ചായത്ത് കമ്മിറ്റിയുടെ ശ്രമഫലമായി 60ലക്ഷം രൂപ അനുവദിച്ചെങ്കിലും നടപടികൾ പൂർത്തിയായി വന്നപ്പോഴേക്കും കൊവിഡ് പിടിമുറുക്കി. ഇപ്പോൾ ചിറ നവീകരണത്തിന്റെ പാതയിലാണ്. വിസ്തൃതമായ കുളത്തിലെ ചെളിയും പായലും നീക്കം ചെയ്ത് സംരക്ഷണ ഭിത്തി, കരകളിൽ നിന്നും വെള്ളം ഇതിലേക്ക് ഇറങ്ങാത്തവിധം ചുറ്റുമതിൽ, കൈവരികൾ ചിറയ്ക്ക് ചുറ്റും ടൈൽസ് പാകിയ നടപ്പാത എന്നിവ നിർമ്മിക്കുന്നതോടെ പഞ്ചായത്തിലെ ഏറ്റവും നവീനവും മനോഹരവുമായ ചിറയായി ഇത് മാറും.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചിറ

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചിറങ്ങളിൽ ഒന്നാണിത്. പള്ളിക്കൽ ആറിന്റെ തുടക്കത്തിലുള്ള കൈവഴിയും ഇൗ ചിറയുടെ പരിസരത്തുനിന്നുമാണ് തുടങ്ങുന്നത്. വയലുകളിൽ നിന്നും കൃഷികൾ അന്യമായതും വയലുകൾ പലതും കരയ്ക്ക് വഴിമാറിയതോടെയുമാണ് ഇൗ ചിറയുടെ ശനിദിശ ആരംഭിച്ചതും മതിയായ സംരക്ഷമില്ലാത്ത സ്ഥിതിയുമുണ്ടായതും. വേനലിലും വെള്ളം പറ്റില്ലെന്നതാണ് ചിറയുടെ മറ്റൊരു പ്രത്യേകത. പള്ളിക്കലാറിന്റെ കൈവഴിയിലേക്ക് വെള്ളം തുറന്നു വിടുന്നതിനായി ഷട്ടറും സ്ഥാപിച്ചിരുന്നു. കാലക്രമത്തിൽ ഇതില്ലാം പ്രവർത്തനരഹിതമായതോടെയാണ് ചിറയെ നവീകരിക്കണമെന്ന ആശയം കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് എടുത്തതും അതിനുള്ള നീക്കം നടത്തിയതും. കുളം നവീകരിക്കുന്നതോടെ ഇതിന് ചുറ്റുമായി വിശാലവും ടൈൽസ് പാകിയതുമായ നടപ്പാതയും രൂപപ്പെടും.

നിർദ്ദിഷ്ട പദ്ധതി:

നവീകരണത്തിന് : 60 ലക്ഷം.

ചിറയുടെ നീളം : 126 മീറ്റർ

വീതി : 50 മീറ്റർ.

കുളത്തിലെ ചെളി ഒരുമീറ്റർ ആഴത്തിൽ നീക്കംചെയ്ത് ആഴം വർദ്ധിപ്പിക്കും.

പാറയും കോൺക്രീറ്റും ഉപയോഗിച്ച് സംരക്ഷണഭിത്തി

ചിറയ്ക്ക് ചുറ്റും ചുറ്റുമതിലും കൈവരിയും ,

ചിറയ്ക്ക് ചുറ്റിലുമായി 352 മീറ്റർ ചുറ്റളവിലും ഒന്നര മീറ്റർ വീതിയിലും ഇന്റർലോക്ക് പതിച്ച നടപ്പാത.

ഏഴംകുളത്തെ ഏഴ് കുളങ്ങൾ

ഏഴംകുളം ജംഗ്ഷനിലെ കുളം, ചിറക്കരോട്ട് ചിറ, വല്യാംകുളം, നെടുമൺ മുക്കുവരയ്യത്ത് കുളം, അറുകാലിക്കൽ കുളം, കല്ലേത്ത് കുളം, ഇൗഴരേത്ത് ചിറ.