 
പ്രമാടം :ശുദ്ധജലക്ഷാമം രൂക്ഷമായ മറൂരിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം
പാഴാകുന്നു. മറൂർ ജംഗ്ഷനിൽ നിന്നും കല്ലറക്കടവിലേക്ക് പോകുന്ന റോഡിലാണ് ദിവസങ്ങളായി കുടിവെള്ളം പാഴാകുന്നത്. കോളനികൾ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പ്രമാടം പഞ്ചായത്തിലെ ഒന്നാം വാർഡായ മറൂർ. ഭൂരിഭാഗം കുടുംബങ്ങളും ജല അതോറിറ്റിയുടെ പൈപ്പുവെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാർ നിരവധി തവണ ജല അതോറിറ്റിയിലും പ്രമാടം പഞ്ചായത്തിലും പരാതികൾ നൽകിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. അച്ചൻകോവിലാറ്റിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം കുളപ്പാറ മലയിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷമാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയാണിത്. പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും കിണറില്ല. ഉയർന്ന പ്രദേശങ്ങളായതിനാൽ വേനൽ കനക്കുമ്പോൾ തന്നെ ഉള്ള കിണറുകളും വറ്റും. പിന്നീട് ജല അതോറിറ്റിയുടെ കുടിവെള്ളം മാത്രമാണ് ജനങ്ങളുടെ ആശ്രയം. നേരത്തെയും പൊട്ടിയ പൈപ്പുലൈനുകൾ നന്നാക്കാതെ മാസങ്ങളോളം കിടന്നിട്ടുണ്ട്. ജനപ്രതിനിധികൾ ഉൾപ്പടെയുള്ള നാട്ടുകാർ ജലഅതോറിറ്റി ഓഫീസുകൾക്ക് മുന്നിൽ സമരങ്ങളും നടത്തിയിട്ടുണ്ട്. കുടിവെള്ളം പാഴാകുന്നതിനൊപ്പം റോഡിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ച് പൈപ്പുലൈൻ തകരാർ പരിഹരിക്കണമെന്നും ജല വിതരണം കാര്യക്ഷമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.