
പത്തനംതിട്ട : എന്തിനും ഏതിനും അക്രമം നടത്തുന്നവരുടെ നാടായി മാറുകയാണ് പത്തനംതിട്ട. ലഹരിക്ക് അടിമപ്പെട്ട് ആയുധങ്ങളുമായി യാത്ര ചെയ്യുന്നവരും കുറ്റകൃത്യം പതിവാക്കുന്നവരും ജില്ലയിലെ സമാധാന ജീവിതത്തിന് ഭീഷണിയാകുകയാണ്. തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊന്നതിന് പിന്നാലെ ആക്രമങ്ങളുടെ പരമ്പരയാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. കഞ്ചാവ് കച്ചവടം മുതൽ ഗുണ്ടാപ്രവർത്തനം വരെ നടത്തുന്നവർ ജില്ലയിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗുണ്ടകൾ ഉള്ള ജില്ലയായി പത്തനംതിട്ട മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ തിരുവല്ലയിൽ മൂന്ന് യുവാക്കൾക്കാണ് കുത്തേറ്റത്. ദിവസങ്ങൾക്ക് മുമ്പ് പെരുന്തുരുത്തിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കുത്തിപരിക്കേൽപ്പിച്ചതും ഗുണ്ടാസംഘമായിരുന്നു. കഴിഞ്ഞ ദിവസം കല്ലൂപ്പാറയിൽ മാർത്താണ്ഡം സ്വദേശിയെ കൂടെ താമസിച്ചുവന്നവർ കൊലപ്പെടുത്തിയതും നാടിന് അപമാനമായി.
പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽതല്ലുന്നത് പതിവാണ്. ആയുധങ്ങളുമായി പോർവിളി നടത്തുന്ന വിദ്യാർത്ഥികൾ നഗരജീവിതത്തിന് ഭീഷണിയാകുന്നു. മുമ്പ് സ്റ്റാൻഡിൽ സ്കൂൾകോളേജ് സമയത്ത് പിങ്ക് പൊലീസ് പട്രോളിംഗ് നടത്തിയിരുന്നു. പൊലീസ് എയ്ഡ് പോസ്റ്റിൽ ജീവനക്കാരില്ലാത്തതും അക്രമികൾക്ക് സഹായമാകുകയാണ്. മുമ്പ് വിദ്യാർത്ഥി സംഘർഷത്തിൽ ബസ് സ്റ്റാൻഡിലെ കടകൾക്ക് നാശം സംഭവിച്ചിരുന്നു. വ്യാപാരികൾ നിരവധിതവണ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയുണ്ടായില്ല.
ക്രിമിനൽ കേസില്ലാത്ത ദിവസമില്ല
ജില്ലയിൽ അക്രമങ്ങളും തുടർന്നുണ്ടാകുന്ന കൊലപാതകങ്ങളും വർദ്ധിച്ച് വരുന്നു. ദിവസവും ക്രിമിനൽ കേസുകൾ ജില്ലയിലെ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മദ്യം, മയക്കുമരുന്ന് ലഹരി കേസുകൾ കൂടുകയാണ്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം ജില്ലാ ആന്റി നാർകോട്ടിക് ടീം (ഡാൻസാഫ് ) അംഗങ്ങൾ, ജില്ലാ തലത്തിലുള്ള ആക്ഷൻ ഗ്രൂപ്പ്, സംഘടിത കുറ്റകൃത്യങ്ങൾ തടയുന്ന പ്രവർത്തനത്തിൽ ഏർപ്പെടുന്ന പൊലീസ് സ്റ്റേഷനുകളിലെ പ്രത്യേക സെൽ, എസ്.എച്ച്.ഒമാർ എന്നിവരുടെ സംഘം റെയ്ഡുകളും മറ്റ് നടപടികളും നടത്തുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനമില്ല.
പ്രതികളിലേറെയും യുവാക്കൾ
ജില്ലയിൽ കഴിഞ്ഞ രണ്ടുമാസങ്ങളിലുണ്ടായ എല്ലാകേസുകളിലും പ്രതികൾ യുവാക്കളാണ്. 21 വയസുമുതൽ നാൽപത് വരെയുള്ളവരാണ് അധികവും. രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾപ്പെടെ ക്രൂരമായ കൊലപാതകങ്ങൾക്ക് ജില്ല സാക്ഷിയാകേണ്ടി വരുന്നു. മരിക്കുന്നതും പ്രതിയാക്കപ്പെടുന്നതും കുടുംബങ്ങളിലെ അത്താണിയാകേണ്ടവർ.
പോക്സോ കേസിലും പിന്നിലല്ല
ആൺ, പെൺ വ്യത്യാസമില്ലാതെ കുട്ടികൾ വലിയ രീതിയിൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും ജില്ലയിൽ വർദ്ധിക്കുകയാണ്. നഗ്നതാപ്രദർശനം, വീട് കയറി ആക്രമണം തുടങ്ങിയ സംഭവങ്ങൾ ആവർത്തിക്കുകയാണ്.
" കേസുകളിലെ പ്രതികൾ രാഷ്ട്രീയസ്വാധീനം കൊണ്ടും മറ്റുരീതിയിലും സംരക്ഷിക്കപ്പെടുന്നുണ്ട്. ചെറിയകുട്ടികൾ പോലും പ്രതികളാകുകയാണ്.
ഡോ. എം.എസ്.സുനിൽ,
(സാമൂഹ്യ പ്രവർത്തക)