education

കോന്നി : പാരലൽ കോളേജുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാർത്ഥികൾക്ക്‌ അർഹതപ്പെട്ട വിദ്യാഭ്യാസ ആനുകൂല്യം നിഷേധിക്കുന്നതായി പരാതി. 2020ൽ സർവകലാശാലാതലത്തിൽ പ്രവേശനം നേടിയവർക്ക് അനുകൂല്യം നിഷേധിക്കുന്നതായി ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ജില്ലാ പട്ടികജാതി വികസനഓഫീസർക്ക് പരാതി നൽകി. സാധാരണഗതിയിൽ ഇവരുടെ ആനുകൂല്യം 2021 മാർച്ചിൽ ലഭിക്കേണ്ടതാണ്. എന്നാൽ ഒരുവർഷം കാത്തിരുന്നിട്ടും ഫലമുണ്ടായില്ല.

എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളിലെ പാരലൽ വിദ്യാർത്ഥികൾക്കും റെഗുലർ കോളേജിലേതുപോലെ വിദ്യാഭ്യാസ ആനുകൂല്യം നൽകുവാൻ സർക്കാർ ഉത്തരവ് ഉണ്ട്.
എസ്.സി വിഭാഗക്കാർക്ക് കഴിഞ്ഞ വർഷത്തെ ആനുകൂല്യം ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു. എന്നാൽ ഫണ്ടില്ല എന്നകാരണം പറഞ്ഞു ഒ.ഇ.സി വിഭാഗത്തെ അവഗണിച്ചു. വിദ്യാർത്ഥികൾ പഠനം നടത്തുന്ന പാരലൽ കോളേജ് അധികൃതരിലൂടെ പട്ടികജാതി വികസനവകുപ്പ് ബ്ലോക്ക് ആഫീസർക്കാണ് അപേക്ഷ നൽകേണ്ടത്. ബ്ലോക്ക് ഓഫീസർ ഇതുപരിശോധിച്ച് ജില്ലാ പട്ടികജാതി ആഫീസർക്ക് കൈമാറും. ഫണ്ടിന്റെ പര്യാപ്തത അനുസരിച്ച് പട്ടികജാതി ജില്ലാ ഓഫീസർ ആണ് ഗ്രാൻഡ് അനുവദിക്കേണ്ടത്. എസ്.സി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന പട്ടികജാതി വികസനവകുപ്പും ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്ക് സംസ്ഥാന പിന്നാക്കജാതി വികസനവകുപ്പുമാണ് ഫണ്ട് നൽകുന്നത്. പിന്നാക്കജാതി വകുപ്പിൽ നിന്ന് ഫണ്ട് കൃത്യമായി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. 250ൽ അധികം ഒ ഇ സി വിഭാഗം വിദ്യാർത്ഥികൾ ജില്ലയിൽ പാരലലായി പഠിക്കുന്നുണ്ട്. റെഗുലർ കോളേജിലെ ഒ ഇ സി വിദ്യാർത്ഥികൾക്ക് കുടിശിക ഇല്ലാതെ ഗ്രാൻഡ് ലഭിച്ചു. ബിരുദ വിദ്യാർത്ഥികൾക്ക് 9,600 രൂപയും പി.ജി വിദ്യാർത്ഥികൾക്ക് 12,000 രൂപയുമാണ് വർഷംതോറും ലഭിക്കുന്നത്.