പത്തനംതിട്ട: മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശ പ്രകാരം പത്തനംതിട്ട നഗരത്തിലെ കുടിവെള്ള പ്രശ്‌നം ചർച്ച ചെയ്യാൻ നഗരസഭാ ചെയർമാൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ ഐക്യകണ്‌ഠേന സർക്കാരിനോട് ആവശ്യപ്പെട്ടു. പത്തനംതിട്ട ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ സമീപനമാണ് തുടർച്ചയായി ഉണ്ടാകുന്നത്. നഗര പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് പദ്ധതി പത്തനംതിട്ട നഗരസഭയിൽ നടപ്പാക്കുകയാണ്. പദ്ധതിയുടെ വിശദാംശങ്ങൾ അടങ്ങുന്ന കരട് തയ്യാറായി കഴിഞ്ഞു. വിശദമായ റിപ്പോർട്ട് ഫെബ്രുവരിയിൽത്തന്നെ സമർപ്പിക്കുന്നതിനാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ അമൃത് പദ്ധതിയുടെ പ്രവർത്തനങ്ങളുമായും പത്തനംതിട്ടയിൽ ജല അതോറിറ്റി നിസഹകരിക്കുകയാണ് . പദ്ധതിയുടെ വിശദാംശങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ നിരവധി തവണ വാട്ടർ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് കത്ത് നൽകിയെങ്കിലും നഗരസഭാ ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാൻ അദ്ദേഹം തയ്യാറായില്ല. ഇതേ തുടർന്ന് നഗരസഭാ സെക്രട്ടറിയും മുനിസിപ്പൽ എൻജിനീയറും ജല അതോറിറ്റിയുടെ ഓഫീസിലെത്തിയാണ് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചത്. നഗരസഭ നടപ്പാക്കുന്ന ചെറുകിട കുടിവെള്ള പദ്ധതികളെക്കുറിച്ചുളള ചർച്ചയും കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ അജണ്ട ആയിരുന്നു. വരൾച്ച രൂക്ഷമാകുന്നതിന് മുമ്പുതന്നെ പദ്ധതികൾ നടപ്പാക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. എന്നാൽ കാര്യമായ സഹകരണം ജല അതോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് കൗൺസിൽ അംഗങ്ങൾ പറഞ്ഞു.