ezham
ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ വഴിപാട് തൂക്കത്തിന്റെ ഭാഗമായി കന്നി തൂക്കക്കാർ വാളമ്പും വില്ലും ആശാന്മാരിൽ നിന്നും ഏറ്റുവാങ്ങുന്നു

അടൂർ : ഏഴംകുളം ദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള വഴിപാട് തൂക്കത്തിന്റെ ചടങ്ങുകൾക്ക് മകര ഭരണി നാളായ ഇന്നലെ തുടക്കമായി. ആശാന്മാരായ ആർ. ശിവൻപിള്ള, ജി. ശിവൻപിള്ള എന്നിവരിൽ നിന്ന് കന്നി തൂക്കക്കാർ വാളമ്പും വില്ലും ഏറ്റുവാങ്ങി. കന്നി തൂക്കക്കാർ മകര ഭരണി നാൾ മുതൽ ഒരു മാസത്തെ വ്രതവും മറ്റുള്ള തൂക്കക്കാർ ശിവരാത്രി മുതൽ ഒരാഴ്ചത്തെ വ്രതവും ആചരിച്ചാണ് തൂക്ക വില്ലേറുന്നത്. ഈ വർഷത്തെ കുംഭഭരണി മഹോത്സവം മാർച്ച് 7 നും വഴിപാട് തൂക്കം മാർച്ച് 8 ,9 തീയതികളിലുമാണ്. 17 കന്നിതൂക്കമാണ് ഇക്കുറിയുള്ളത്. ക്ഷേത്രത്തിൽ നടന്ന വാളമ്പും വില്ലും ഏറ്റുവാങ്ങൽ ചടങ്ങിന് ഭരണ സമിതി പ്രസിഡന്റ് ജി. പദ്മകുമാർ , സെക്രട്ടറി എസ്.സുധാകരൻ നായർ , ട്രഷറർ സി. പ്രമോദ് കുമാർ , ജോയിന്റ് സെക്രട്ടറി എം. ഗിരിദാസ് , ഉത്സവ കമ്മിറ്റി കൺവീനർ ജി. പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.