 
കോഴഞ്ചേരി: ഹരിത കർമ്മസേനയുടെ അജൈവ പാഴ് വസ്തു ശേഖരണത്തിന്റെ ഭാഗമായി ശേഖരിച്ച പുന: ചക്രമണ യോഗ്യമല്ലാത്തവ ക്ലീൻ കേരളാ കമ്പനിക്ക് കൈമാറി. തുകൽ, റെക്‌സിൻ ബാഗുകൾ, ചെരുപ്പുകൾ, തെർമോക്കോൾ എന്നിങ്ങനെയുള്ള രണ്ട് ടൺ പാഴ് വസ്തുക്കളാണ് ശാസ്ത്രീയ സംസ്‌കരണത്തിന് ക്ലീൻ കേരളാ കമ്പനി കോഴഞ്ചേരിയിൽ നിന്ന് ശേഖരിച്ചത്. ഇത് സിമെന്റ് ഫാക്ടറിയിലെ ഫർണസുകളിൽ കൽക്കരിക്കു പകരം ഉപയേ ഗിക്കും. എല്ലാ മാസവും പ്ലാസ്റ്റിക്കിനൊപ്പം ഓരോ ഇനം മറ്റ് അജൈവ പ്ലാസ്റ്റിക്ക് പാഴ് വസ്തുക്കൾ ശേഖരിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക് പാഴ് വസ്തുക്കൾ ബ്ലോക്ക് ആർ.ആർ.എഫിലേക്ക് സംസ്‌കരണത്തിന് ക്ലീൻ കേരളാ കമ്പനി തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് മാറ്റും. കോഴഞ്ചേരിയിൽ ഹരിത കർമ്മസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു പോവുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സുനിതാ ഫിലിപ്പ് എന്നിവർ പറഞ്ഞു. ഹരിത കർമ്മ സേനക്ക് യൂസർ ഫീ നൽകി അജൈവ പാഴ് വസ്തു നൽകുവാൻ എല്ലാവരും സഹകരിക്കണമെന്നും മാലിന്യങ്ങൾ വലിച്ചെറിയാതെ മാലിന്യ നിർമ്മാർജ്ജന പദ്ധതി വിജയിപ്പിക്കണമെന്നും അവർ പറഞ്ഞു.