ചെങ്ങന്നൂർ: വരട്ടാർ പുനരുജ്ജീവനത്തിന്റെ മറവിൽ നടക്കുന്ന യന്ത്രവത്കൃത മണൽ ഖനനം മൂലം ജലനിരപ്പ് താഴുന്നു. നദിയിലെയും തീരത്തെയും കിണറുകളിലെ ജലം കലങ്ങിമറിഞ്ഞതോടെ പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായി. വെളളത്തിന് മുകളിൽ പാടയുടെ രൂപത്തിൽ ചെളി നിറഞ്ഞതോടെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായി.
വരട്ടാർ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി നടക്കുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണ് ജലം മലിനമായി മാറിയത്. വരട്ടാർ വീണ്ടെടുപ്പ് സുതാര്യമായി നടത്തുമെന്ന് പ്രഖ്യാപിച്ചാണ് പുനരുജ്ജീവന പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ പണി ആരംഭിച്ചതോടെ പ്രദേശത്തേക്ക് ആരും അതിക്രമിച്ച് കടക്കരുതെന്ന് കാട്ടി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ഇതിനുശേഷമാണ് ഇവിടം മറച്ചുകെട്ടി യന്ത്രമുപയോഗിച്ച് നദിയുടെ അടിത്തട്ടിൽ നിന്ന് മണൽ ഊറ്റിയെടുത്ത് വെളളത്തിൽ കഴുകി മണലും ചെളിയും വേർതിരിച്ചെടുക്കുന്നത്. ഇതിനായി മണൽച്ചാക്ക് അടുക്കിയും, ചാലു കീറിയും, പ്ലാസ്റ്റിക് വിരിച്ചുമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. തീരങ്ങളിൽ ചെറിയ കുളങ്ങളും നിർമ്മിച്ചിട്ടുണ്ട്. മൂല്യമുള്ള മണൽ വേർതിരിച്ചെടുക്കുന്നതിനുവേണ്ടിയാണ് മണൽ കഴുകി അരിച്ചെടുക്കുന്നത്. ആദിപമ്പയിലെ വഞ്ചിപ്പോട്ടിൽ കടവിലാണ് ഇപ്പോൾ സ്വകാര്യകമ്പനിയുടെ മണൽ ഖനനം നടക്കുന്നത്. 300 മീറ്ററോളം വീതിയുള്ള ഈ ഭാഗത്ത് 100 മീറ്റർ വീതിയിൽ മാത്രമേ മണ്ണ് നീക്കുന്നുളളൂ എന്നാണ് ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.
തീരം ഇടിയുമെന്ന് നാട്ടുകാർ
നദിയുടെ തീരം ഇടിഞ്ഞുവീഴാത്ത തരത്തിൽ നദിയുടെ വീതിയും ആഴവും കൂട്ടുമെന്നാണ് ജനങ്ങളോട് മന്ത്രി അടക്കമുളളവർ പറഞ്ഞിരുന്നത്. എന്നാൽ നദിയുടെ അടിത്തട്ടിൽ നിന്ന് യന്ത്രമുപയോഗിച്ച് വ്യാപകമായി മണൽ വലിച്ചെടുക്കുന്നത് തീരം ഇടിഞ്ഞു താഴുന്നതിന് കാരണമാകുമെന്ന് പ്രദേശവാസികൾ പറയുന്നു. നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനമോ, സാമൂഹ്യ ആഘാത പഠനമോ നടത്തിയിട്ടില്ലെന്നാണ് സൂചന. വ്യാപക മണൽ വാരൽ മൂലം പമ്പയുടെ അടിത്തട്ട് തഴ്ന്നിട്ടുമുണ്ട്. വരട്ടാറിന്റെ തുടക്കഭാഗമായ ആദിപമ്പയിലെയും പമ്പയിലെയും അടിത്തട്ടുകൾ തമ്മിൽ നേരിയവ്യത്യാസം മാത്രമാണുളളത്. വരട്ടാറിലെ ജലനിരപ്പ് കുറയുന്ന സമയങ്ങളിൽ പരുമൂട്ടിൽ കടവ് മുതൽ പുതുക്കുളങ്ങര പടനിലം വരെ ജലം കിഴക്കോട്ട് ഒഴുകുന്ന അവസ്ഥയാണുളളത്. അദിപമ്പയിൽ പുതുക്കുളങ്ങരിയിൽ നിന്നാരംഭിച്ച് ഇരമല്ലിക്കര വാളത്തോട് മണിമലയാറ്റിൽ ചേരുന്ന സ്വാഭാവിക നദീബന്ധനമാണ് വരട്ടാർ. 13.5 കീലോമീറ്രർ നിളമുളള നദിയിൽ വളരെ സൂക്ഷ്മതയോടെ നടത്തേണ്ട നദീപുനരുജ്ജീവനം മണൽ ഖനനത്തിനായി ഉപയോഗിച്ചാൽ വരട്ടാർ എന്നത് സങ്കല്പം മാത്രമായി മാറുമെന്ന് പ്രദേശവാസികൾ പറയുന്നു.