krishi

പത്തനംതിട്ട : കാർഷിക മേഖലയിലെ വിവിധപദ്ധതികൾക്ക് നൽകുന്ന ധനസഹായത്തിന്റെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. നെല്ലിന്റെ വൈവിദ്ധ്യവൽക്കരണം ലക്ഷ്യംവച്ചുകൊണ്ട് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊടുമണ്ണിൽ ആധുനികരീതിയിലുള്ള റൈസ് മില്ല് സ്ഥാപിക്കാൻ തീരുമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം വിവിധ പഞ്ചായത്തുകളിൽ നിന്ന് നെൽകൃഷിക്കുള്ള ചെലവിനത്തിൽ 2.23 കോടി രൂപയുടെ ധനസഹായം ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിൽ ആദ്യഗഡുവായി 1.72 കോടി രൂപയാണ് വിതരണം ചെയ്തത്. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫും ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻ പിള്ളയും ജില്ലാപഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് ധനസഹായം ഏറ്റുവാങ്ങി.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു അദ്ധ്യക്ഷനായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ.അജയകുമാർ, ബീനാപ്രഭ, ലേഖാസുരേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോർജ് എബ്രഹാം, ജിജോ മോഡി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മാത്തൻ ജോസഫ്, കെ.ബി. ശശിധരൻപിള്ള എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആർ. മുരളീധരൻ നായർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.ഡി. ഷീല, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ എലിസബത്ത് തമ്പാൻ, ജോർജ് ബോബി, കർഷക പ്രതിനിധി സാം ഈപ്പൻ എന്നിവരും സംബന്ധിച്ചു.

ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷി നടക്കുന്നത് പെരിങ്ങര പഞ്ചായത്തിലാണ്.

4900 ഏക്കറിൽ. ഇടവിള കൃഷി നടത്തുന്ന കർഷകർക്കായി 1.06 കോടി രൂപയും വിതരണംചെയ്തു. പൊതുവിഭാഗത്തിലും എസ്.സി വിഭാഗത്തിൽപ്പെട്ടവർക്കായി 64 ലക്ഷം രൂപയും വനിതകൾക്ക് 42 ലക്ഷം രൂപയുമാണ് നൽകുന്നത്.