 
തിരുവല്ല : ശുചിത്വത്തിനുള്ള സംസ്ഥാന കായകൽപ അവാർഡ് തിരുവല്ല നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. അർബൻ കുടുംബരോഗ്യകേന്ദ്രം വിഭാഗത്തിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മാർക്ക് 99.2 ശതമാനം കരസ്ഥമാക്കിയാണ് തിരുവല്ല അർബൻ കുടുംബാരോഗ്യകേന്ദ്രം തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും. മുനിസിപ്പാലിറ്റിയുടെയും ദേശീയആരോഗ്യദൗത്യത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ തിരുവല്ല കാവുംഭാഗത്ത് പ്രവർത്തിക്കുന്ന നഗരകുടുംബരോഗ്യകേന്ദ്രമാണ് മികച്ച നിലവാരം പുലർത്തി സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം കരസ്‌ഥമാക്കിയത്. സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് കായകൽപ അവാർഡ് നൽകിവരുന്നത്. സംസ്ഥാനത്തെ ജില്ലാതല ആശുപത്രികൾ മുതൽ പ്രാഥമികാരോഗ്യകേന്ദ്രം വരെ ഈ പരിശോധന എല്ലാവർഷവും നടത്തപ്പെടും.
ഒരുവർഷം തികയുംമുമ്പേ അവാർഡ്
പ്രവർത്തനം തുടങ്ങി ഒരുവർഷം തികയുംമുമ്പേ മികവിനുള്ള അംഗീകാരം. കഴിഞ്ഞ ഫെബ്രുവരി 17നാണ് ഈസ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. ജനുവരിയിൽ നടന്ന ദേശീയ ഗുണനിലവാര പരിശോധനഫലവും കാത്തിരിക്കുകയാണ് ഈ ആതുരാലയം. തിരുവല്ല നഗരസഭയാണ് ആശുപത്രിക്ക് ആവശ്യമായ സ്ഥലവും കെട്ടിടവും നൽകിയത്. ദേശീയ ആരോഗ്യദൗത്യത്തിന്റെ നേതൃത്വത്തിൽ കെട്ടിടം പുതുക്കിപ്പണിത് പ്രവർത്തനം ആരംഭിക്കുകയായിരുന്നു. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വിദഗ്ദ്ധ ഡോക്ടർമാരുടെ ഓ.പി സേവനവും, ലാബ്, ഫാർമസി, പബ്ലിക് ഹെൽത്ത് വിഭാഗവും ആശുപത്രിയിൽ പ്രവർത്തിക്കുന്നു. കൊവിഡുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനത്തിലും പ്രതിരോധ കുത്തിവയ്പ്പിലും ജില്ലയിലെ തന്നെ മാതൃകാപരവുമായ പ്രവർത്തനമാണ് നടത്തിയത്. ഈ ചുരുങ്ങിയ കാലയളവിൽ 22,050 പേർക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തി. ബൂസ്റ്റർഡോസും മറ്റു പ്രതിരോധ കുത്തിവയ്പ്പും തുടരുന്നു. ഗർഭിണികളുടെ പരിശോധനയും പ്രതിരോധ കുത്തിവയ്പ്പും കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പും, ആർ.ബി.എസ്.കെ സ്ക്രീനിംഗ്, കൗമാര ആരോഗ്യ ക്ലിനിക്, വയോജന ക്ലിനിക്, നേതൃപരിശോധന എന്നിവയും ലഭ്യമാണ്. ഓ.പി ടിക്കറ്റിനുപോലും പണം ഈടാക്കാത്ത ഈസ്ഥാപനത്തിലെ എല്ലാസേവനങ്ങളും തികച്ചും സൗജന്യമാണ്. രോഗികളുടെ ചികിത്സാവിവരങ്ങൾ കമ്പ്യൂട്ടർവത്കരിക്കുന്ന ഇ ഹെൽത്ത് സംവിധാനത്തിന്റെ പ്രവർത്തികൾ നടന്നുവരുന്നു. അവാർഡ് ലഭിച്ചതോടെ ചികിത്സാരംഗത്തു മികച്ചനേട്ടം കൈവരിക്കുന്ന സ്ഥാപനമായി മാറുകയാണ് ഈ സ്ഥാപനം.