ചെങ്ങന്നൂർ: മണ്ണ് മാഫിയാ സംഘത്തിനെതിരെ കർശന നിലപാടെടുത്ത വനിതാ വില്ലേജ് ഓഫീസറുടെ നിശ്ചയദാർഢ്യത്തിന് മുൻപിൽ ചെങ്ങന്നൂർ പൊലീസ് മുട്ടുമടക്കി. പുലിയൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്തുകുളം വൃത്തിയാക്കുന്നതിന്റെ മറവിൽ മണ്ണ് മാഫിയാ സംഘം പനയത്തുകുളത്തിന് സമീപമുളള ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട 10 സെന്റ് പാടം കഴിഞ്ഞദിവസം നികത്തിയിരുന്നു. ഇതറിഞ്ഞ് വൈകിട്ട് 5മണിയോടെ സ്ഥലത്തിയ പുലിയൂർ വില്ലേജ് ഓഫീസർ ആർ.ഐ സന്ധ്യ വാഹനം പിടിച്ചെടുത്തു. വില്ലേജ് ഓഫീസർ എത്തുന്നതുകണ്ട് വാഹനത്തിന്റെ ഡ്രൈവർ താക്കോലുമായി കടന്നുകളഞ്ഞു. തുടർന്ന് വിവരം 5.30ന് ചെങ്ങന്നൂർ പൊലീസിനെ വില്ലേജ് ഓഫീസർ അറിയിച്ചു. എന്നാൽ പൊലീസെത്തിയത് ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ്. അപ്പോഴേക്കും സമയം രാത്രി എട്ടരയായി. പാടത്തു കിടന്നിരുന്ന മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിലെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. ഇതോടെ സ്ഥലമുടമയുടെ സംരക്ഷണയിൽ വാഹനം നൽകാൻ തീരുമാനിച്ചു. ഇതനുസരിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും സ്ഥലമുടമ അവസാനം പിന്മാറി. ഇതോടെ വാഹനം കടത്തിക്കൊണ്ടുപോകാതിരിക്കാൻ പൊലീസ് കാവൽ ഏർപ്പെടുത്തണമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു. എന്നാൽ പ്രശ്‌നത്തിൽ ഇടപെടാൻ കഴിയില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് വാഹനത്തിന് കാവൽ ഏർപ്പെടുത്താതെ പൊലീസ് മടങ്ങി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് മടങ്ങിയതെന്നാണ് സൂചന. പൊലീസ് ചെയ്യേണ്ട പണി വനിതാ തഹസീൽദാർ ഏറ്റെടുത്തതിലുളള അമർഷവും പൊലീസിന്റെ നിസഹകരണത്തിന് പിന്നിലുണ്ടെന്നും പറയുന്നു.
ഇതോടെ വാഹനത്തിന്റെ കാവൽ വില്ലേജ് ഓഫീസർ സ്വയം ഏറ്റെടുത്ത് സ്ഥലത്തു തന്നെ നിലയുറപ്പിച്ചു. രാത്രി 12.30ന് വിവരമറിഞ്ഞ് ഡപ്യൂട്ടി തഹസീൽദാർ സ്ഥലത്തെത്തി. തുടർന്ന് തഹസീൽദാറെ സ്ഥലത്ത് നിറുത്തിയശേഷം വില്ലേജ് ഓഫീസർ ചെങ്ങന്നൂർ പൊലീസിൽ നേരിട്ടെത്തി പരാതി നൽകി. ഇതോടെ സ്റ്റേഷനിൽ നിന്ന് രണ്ടു പൊലീസ് ഓഫീസർമാർ പുലർച്ചെ ഒരുമണിയോടെ യന്ത്രത്തിനരികിലേക്ക് കാവലിനായി എത്തിയെങ്കിലും റവന്യൂ സംഘവും ഇവർക്കൊപ്പം മണ്ണുമാന്തി യന്ത്രത്തിനരുകിൽ കാവൽനിന്നു. വാഹനം മറ്റാരും കടത്തിക്കൊണ്ടുപോകില്ലെന്ന് ഉറപ്പാക്കിയശേഷമാണ് വില്ലേജ് ഓഫീസർ പുലർച്ചയോടെ വീട്ടിലേക്ക് മടങ്ങിയത്. വാഹനത്തിനെതിരെ കേസെടുത്ത വില്ലേജ് ഒാഫീസർ താലൂക്ക് ഓഫീസർക്ക് റിപ്പോർട്ട് കൈമാറി. നിയമലംഘന പ്രവർത്തനം നടത്തിയ മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയെ കണ്ടെത്തുന്നതുവരെ പൊലീസ് കാവൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട പരാതിയും ചെങ്ങന്നൂർ സ്‌റ്റേഷനിൽ നൽകി.