പത്തനംതിട്ട : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 10ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് വിദ്യാലയങ്ങളുടെ ഉദ്ഘാടനം ജില്ലയിൽ നടക്കും. ഓമല്ലൂർ പന്ന്യാലി ഗവ.യു.പി. സ്‌കൂൾ, റാന്നി പുതുശേരിമല ഗവ. യു.പി സ്‌കൂൾ, അയിരൂർ ജി.എൽ.പി. സ്‌കൂൾ എന്നീ വിദ്യാലയങ്ങളിലാണ് ജില്ലയിൽ ഉദ്ഘാടനം ചെയ്യുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാകളക്ടർ ഡോ. ദിവ്യ. എസ് അയ്യർ, മുൻ എം.എൽ.എ രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ റോബിൻ പീറ്റർ, സാറ പി. തോമസ്, ജോർജ് എബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അനിതാ കുറുപ്പ്, അഡ്വ.ജോൺസൺ വിളവിനാൽ, ശോഭാ ചാർളി എന്നിവർ പങ്കെടുക്കും.
ജില്ലയിലെ സ്‌കൂൾ കെട്ടിട ഉദ്ഘാടന ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ബീനാറാണി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓർഡിനേറ്റർ എസ്. രാജേഷ് എന്നിവർ അറിയിച്ചു.