അത്തിക്കയം: നാറാണംമൂഴി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിലെ ഉയർന്ന പ്രദേശങ്ങളായ തോമ്പിക്കണ്ടം, വലിയപതാൽ, പത്തേക്കർ, ഇടമുറി, പുള്ളിക്കൽ, ചെമ്പനോലി, തേക്കേത്തോട് പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമായി. മിക്കയിടത്തും കിണറുകളും കുളങ്ങളും വറ്റിവരണ്ടു. ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നവർ 1000 രൂപ വരെ ഒരു ടാങ്ക് വെള്ളത്തിന് ഈടാക്കുന്നു.
കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും മറ്റും ഓട്ടോറിക്ഷയിലും സ്വകാര്യ വാഹനങ്ങളിലുമായി പമ്പാ നദിയിൽ അത്തിക്കയം പ്രദേശങ്ങളിൽ ധാരാളമായി ആളുകൾ എത്തുന്നുണ്ട്. 2018ലെ പ്രളയത്തിൽ കടവുകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കംചെയ്യാതെ കിടക്കുന്നതിനാൽ കടവുകളിൽ ഇറങ്ങുന്നതിനും തുണികൾ കഴുകി ഉണക്കുന്നതിനും ബുദ്ധിമുട്ടുകയാണ്.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബി. ജെ. പി. നാറാണംമൂഴി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് പി. കെ. കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. സ്മിതാ സുരേഷ്, രാഘവൻ വലിയപതാൽ, പി. ബി. പ്രസാദ് എന്നിവർ സംസാരിച്ചു.