
പത്തനംതിട്ട : താത്കാലികക്കാരെ തിരികെ കയറ്റാനുള്ള രാഷ്ട്രീയ വടംവലികൾ മുറുകുമ്പോൾ ജില്ലയിൽ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ലാബ് ടെക്നീഷ്യൻമാരുടെ നിയമനം നടക്കുന്നില്ല. 2018ൽ ആണ് ലാബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 പി.എസ്.സി പരീക്ഷ നടക്കുന്നത്. 2019ൽ റാങ്ക് ലിസ്റ്റ് നിലവിൽ വന്നു. 2023 മാർച്ചിൽ ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. ഒരു വർഷം മാത്രമാണ് ഇനിയും നിയമനം നടത്താൻ ബാക്കിയുള്ളത്. പതിനേഴ് ഒഴിവുകളിൽ മാത്രം ജില്ലയിൽ ഇതുവരെ നിയമനം നടന്നു. മെയിൻ ലിസ്റ്റിൽ അമ്പത് പേരും സപ്ലിമെന്ററി ലിസ്റ്റിൽ 43 പേരുമാണ് ജില്ലയിലുള്ളത്. എഴുപതിലധികം താൽക്കാലിക ജീവനക്കാർ സർക്കാർ ആശുപത്രികളിലെ ലാബുകളിൽ ജില്ലയിൽ ജോലി ചെയ്യുന്നുണ്ട്.
ആർദ്രം പദ്ധതിയുടെ വിവിധഘട്ടങ്ങളിൽ പ്രാഥമിക സാമൂഹികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ലാബ് ടെക്നീഷ്യൻമാരുടെ സേവനം ആവശ്യമുണ്ട്. പ്രത്യേകിച്ച് കൊവിഡ് സാഹചര്യങ്ങളിൽ ജില്ലയിലെ പ്രാഥമിക, സാമൂഹിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ലാബ് ടെക്നീഷ്യൻമാരെ ആവശ്യമുണ്ടെങ്കിലും അധികൃതർ പി.എസ്.സി ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ നടത്താതെ താൽക്കാലികക്കാരെ നിയമിക്കുകയാണ്.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല
റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നിയമനങ്ങൾ നടക്കുന്നുണ്ടെന്നാണ് പി.എസ്.സി അധികൃതർ പറയുന്നത്. ആരോഗ്യ വകുപ്പിൽ നിന്ന് കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാലാണ് നിയമനങ്ങൾ വൈകുന്നത്. പ്രാഥമിക, സാമൂഹിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കൃത്യമായി റിപ്പോർട്ട് ആരോഗ്യവകുപ്പ് മേലധികാരികൾക്ക് നൽകണം. ശേഷം മേലധികാരിയാണ് പി.എസ്.സിയ്ക്ക് ഇത്ര ഒഴിവുകളുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് പി.എസ്.സി നിയമനം നടത്തും. ജില്ലയിൽ ഒഴിവുകൾ ഏറെയുള്ളപ്പോൾ ആണ് നിയമനം നടത്താത്തത്.
ആദിവാസി മേഖലകളിൽ ലാബ് ടെക്നീഷ്യൻമാരില്ല
ജില്ലയിലെ മലയോര, ആദിവാസി മേഖലകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ലാബ് ടെക്നീഷ്യൻമാരില്ല. ആങ്ങമുഴി, സീതത്തോട്, നിലയ്ക്കൽ, അട്ടത്തോട് ഭാഗങ്ങളിലുള്ള ആദിവാസി വിഭാഗങ്ങളും സാധാരണക്കാരുമെല്ലാം പരിശോധനയ്ക്കായി എത്തുന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയെ ആണ്.
ജില്ലയിൽ
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ : 43
സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ : 10
ലാബ് ടെക്നീഷൻ
മെയിൻ ലിസ്റ്റിലുള്ളവർ : 50
സപ്ലിമെന്ററി ലിസ്റ്റിൽ : 43
"ഡിപ്പാർട്ട്മെന്റിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഒഴിവിൽ എല്ലാംതന്നെ നിയമനം നടക്കുന്നുണ്ട്. കൃത്യമായി റിപ്പോർട്ട് ചെയ്യാത്തത് കൊണ്ടാണ് നിയമനം വൈകുന്നത്.
പി.എസ്.സി ഓഫീസ് അധികൃതർ
" 2008 ൽ പരീക്ഷ നടന്നതിന് ശേഷം 2018 ൽ ആണ് അടുത്ത പരീക്ഷ നടക്കുന്നത്. ഇതിന്റെ കാലാവധി 2023 മാർച്ചിൽ അവസാനിക്കും. അടുത്ത പരീക്ഷ ഇനിയും വർഷങ്ങൾ കഴിഞ്ഞാണ് വരിക. അപ്പോൾ ഈ ലിസ്റ്റിൽ ഉള്ള ഭൂരിഭാഗം പേരും പ്രായപരിധി കഴിഞ്ഞവരാകും. "
റാങ്ക് ഹോൾഡർമാർ