പത്തനംതിട്ട : സെൻട്രൽ ജംഗ്ഷനിലെ നടപ്പാതയിലെ കൈവരി തുരുമ്പെടുത്ത് ഒടിഞ്ഞുവീഴാറായി. മിനി സിവിൽ സ്റ്റേഷന് മുമ്പിലാണ് ഈ കൈവരികളുള്ളത്. കുറച്ച് വർഷങ്ങളായി ഈ ഭാഗത്തെ കൈവരികളുടെ അറ്റകുറ്രപ്പണി നടത്തിയിട്ട്. നടപ്പാതയിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വലിയ അപകട ഭീഷണിയാണിത്. മിനി സിവിൽ സ്റ്റേഷനിലെത്തുന്ന നിരവധി പേർ പൊളിഞ്ഞ് കിടക്കുന്ന കൈവരികളുള്ള ഈ നടപ്പാതയിലൂടെയാണ് നടക്കുന്നത്. നിരവധി സർക്കാർ സ്ഥാപനങ്ങളും കോടതികളും പ്രവർത്തിക്കുന്നയിടമാണ് മിനി സിവിൽ സ്റ്രേഷൻ. ഇതിന് മുമ്പിലെ ഇന്റർലോക്ക് പാകിയ റോഡിൽ വാഹനങ്ങൾ അപകടത്തിലാകാറുണ്ട്. അതിന് സമീപമാണ് അപകടാവസ്ഥയിലായി കമ്പികൾ പൊട്ടി പൊളിഞ്ഞ് തുരുമ്പെടുത്തിയിരിക്കുന്നത്. റോഡുപണിയ്ക്കായി കൊണ്ടിട്ടിരുന്ന പാറപ്പൊടി നടപ്പാതയുടെ ഒരു ഭാഗത്ത് തുരുമ്പായ കമ്പികളുടെ താഴെ കിടപ്പുണ്ട്. ഇതിൽ തെന്നിയും ആളുകൾ വീഴാറുണ്ടെന്ന് സമീപ വ്യാപാരികൾ പറയുന്നു.
രണ്ട് വർഷം മുമ്പ് സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള റോഡിലെ ഓടകളുടേയും കൈവരികളുടേയും നിർമ്മാണം നടന്നപ്പോഴും ഈ കൈവരികളുടെ പുനർനിർമ്മാണം നടത്തിയിരുന്നില്ല. ഒടിഞ്ഞ് വശങ്ങളിലേക്ക് മാറിയാണ് കൈവരികൾ കിടക്കുന്നത്. നിരവധി സമരങ്ങളും പ്രതിഷേധവുമെല്ലാം നടക്കുന്ന സ്ഥലം കൂടിയാണിത്. പി.ഡബ്യൂ.ഡി അധികൃതർക്കാണ് ഇതിന്റെ നിർമ്മാണ ചുമതല.
" ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ല. പരിശോധിച്ച് പരിഹാര നടപടി സ്വീകരിക്കും. "
(പി.ഡബ്യൂ.ഡി അധികൃതർ)