തിരുവല്ല: വരാൽപാലത്തിന് സമീപം വഴിയോര വിശ്രമകേന്ദ്രത്തോട് ചേർന്നുള്ള തോടിന്റെ ഭാഗം ഇടിഞ്ഞത് കെട്ടിസംരക്ഷിക്കാൻ ഇരവിപേരൂർ പഞ്ചായത്ത് പദ്ധതി തയ്യാറാക്കി. ഇതിനായി 13 ലക്ഷം രൂപ വകയിരുത്തിയതായി പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ള അറിയിച്ചു. തോട്ടിൽ പൈലിംഗ് നടത്തി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തും. തുടർന്ന് കരിങ്കൽഭിത്തി കെട്ടി സംരക്ഷിക്കും. പാലത്തിനരികെ ചാലിൽ വളർന്നുപടർന്ന ഇഞ്ചക്കാടും നീക്കംചെയ്യും. ഇതിന്റെ കരയിലുള്ള ഒരു സെന്റ് ഭൂമിയിലാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ തീർത്ത വഴിയോര വിശ്രമകേന്ദ്രം. മുൻഭാഗത്ത് പാകിയിരുന്ന ടൈലുകളടക്കം കനത്ത മഴയിൽ തോട്ടിലേക്ക് ഇടിഞ്ഞുവീണിരുന്നു.