car2
അപകടത്തിൽപ്പെട്ട കാർ കരയ്ക്ക് എടുക്കാൻ ശ്രമിക്കുന്നു.

 4 പേരെ രക്ഷപ്പെടുത്തി

 കാർ പാലത്തിനടിയിൽ കുടങ്ങി

അടൂർ: വിവാഹത്തിന് മുമ്പ് വധുവിന് പുടവ കൊടുക്കൽ ചടങ്ങിന് പോയവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പത്തടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിഞ്ഞ് വരന്റെ ബന്ധുക്കൾ ഉൾപ്പടെ മൂന്നു സ്ത്രീകൾ മുങ്ങിമരിച്ചു. കാറിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തി. ഡ്രൈവർ ഉൾപ്പെടെ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. ആയൂർ ഇളമാട് അമ്പലമുക്ക് സ്വദേശികളായ കൃഷ്ണകൃപയിൽ പ്രകാശിന്റെ ഭാര്യ ശ്രീജ (45), ശകുന്തള വിലാസത്തിൽ രാജന്റെ ഭാര്യ ശകുന്തള (55), കാഞ്ഞിരത്തുംമൂട്ടിൽ ഇന്ദിര (57) എന്നിവരാണ് മരിച്ചത്. കാർ ഒാടിച്ചിരുന്ന അമ്പലമുക്ക് ഹാപ്പിവില്ലയിൽ ശരത്ത് (36), മരിച്ച ഇന്ദിരയുടെ മകൾ ബിന്ദു (38), ബിന്ദുവിന്റെ മകൻ അലൻ (14), ഇളമാട് എ.കെ. ഭവനിൽ അശ്വതി കൃഷ്ണൻ (27) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശക്തമായ ഒഴുക്കിൽ കനാലിലെ പാലത്തിനടിയിൽ കാർ കുടുങ്ങി. ഉടൻ നാട്ടുകാരുൾപ്പെടെ കനാലിലേക്ക് ചാടി കാറിന്റെ ഗ്ളാസുകൾ പൊട്ടിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. വൈകാതെ ഫയർഫോഴ്സും എത്തി. പാലത്തിനടിയിൽ കുടുങ്ങിയില്ലായിരുന്നുവെങ്കിൽ കാർ ഒഴുകിപ്പോയി ദുരന്തത്തിന്റെ ആഘാതം കൂടുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ കരുവാറ്റ സിഗ്നലിന് സമീപമുള്ള കെ.ഐ.പിയുടെ മെയിൻ കനാലിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അപകടം.

ഇളമാട് അമ്പലമുക്ക് ഷാനു നിവാസിൽ അമൽഷാജിയുടെ വിവാഹത്തിന് മുന്നോടിയായി പുടവകൊടുക്കൽ ചടങ്ങിന് വധൂഗൃഹമായ ഹരിപ്പാട്ടേക്ക് പോയ അഞ്ച് വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. അമൽഷാജിയുടേതാണ് കാർ. അമലും മാതാപിതാക്കളും സഞ്ചരിച്ച കാർ പിന്നിലായതിനാൽ മറ്റ് വാഹനങ്ങൾ അടൂർ ബൈപ്പാസിൽ കാത്തുകിടക്കുകയായിരുന്നു. അവർ എത്തുന്നതുകണ്ട് മുന്നോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് ഹോളിക്രോസ് ഭാഗത്തെ സിഗ്നൽ ലൈറ്റുകൾക്കിടയിലൂടെ കനാൽ കരയിലേക്കുള്ള ഇടറോഡിലേക്ക് പോയി കനാലിലേക്ക് മറിയുകയായിരുന്നു.

ശ്രീജയെയും ശകുന്തളയെയും കരയ്ക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഒഴുക്കിൽപ്പെട്ട ഇന്ദിരയെ ഒന്നര കിലോമീറ്റർ അകലെ അമ്മകണ്ടകര ഭാഗത്തുനിന്ന് മൂന്നുമണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്. അമലിന്റെ അയൽവാസിയാണ് ശ്രീജ. മറ്റുള്ളവർ അമലിന്റെ ബന്ധുക്കളാണ്. പാലത്തിനടിയിൽ കുടുങ്ങിയ കാറിനെ വടംകെട്ടി വലിച്ചുനീക്കി ക്രെയിൻ ഉപയോഗിച്ചാണ് കരയ്ക്ക് എത്തിച്ചത്. മാവേലിക്കരയിൽ എത്തിയപ്പോഴാണ് വരനും സംഘവും അപകടവിവരം അറിഞ്ഞത്. ഉടൻ ഹരിപ്പാട്ടുള്ള വധൂഗൃഹത്തിലെത്തി പുടവ നൽകിയ ശേഷം തിരികെ അപകടസ്ഥലത്തെത്തുകയായിരുന്നു.