റാന്നി: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന നാറാണംമൂഴി പഞ്ചായത്തിലെ കണ്ണമ്പള്ളി നിവാസികൾ അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുന്നു. കൂറ്റൻ പൈപ്പുകൾ സ്ഥാപിച്ചു വർഷങ്ങളായിട്ടും ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി. പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞപ്പോൾ അടുത്ത മാസം 31ന് മുമ്പ് ജല പദ്ധതി കമ്മീഷൻ ചെയ്യുമെന്നും ജലം എത്തിക്കുമെന്നും അറിയിച്ചു. 10വർഷത്തിനു മുകളിൽ പഴക്കമുണ്ട് ഇന്നാട്ടിലെ ജനങ്ങളുടെ പരാതിക്ക്. ഇതുവരെയും ശ്വാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. പലരും 1000രൂപ കൊടുത്തു സ്വകാര്യ വാഹനങ്ങൾ വഴി എത്തിക്കുന്ന വെള്ളം വാങ്ങിയാണ് വീട്ടിലെ ആവശ്യങ്ങൾ നിറവേറ്റുന്നത്. രണ്ടു ദിവസം മുതൽ മൂന്നു ദിവസം കൊണ്ട് ഇത്തരത്തിൽ ഇറക്കുന്ന വെള്ളം തീരുന്നതു ജനങ്ങൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. കൂലിപ്പണി ചെയ്‌തും മറ്റും ജീവിക്കുന്ന ആളുകൾ ഒരു ദിവസം മുഴുവൻ കഷ്ടപ്പെടുന്ന വരുമാനം വെള്ളത്തിനായി ചിലവാക്കേണ്ട അവസ്ഥയാണ് ഇപ്പോൾ തുടരുന്നത്.
വേനൽ കടുത്തതോടെ മേഖലയിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. കണ്ണമ്പള്ളിക്ക് പുറമെ ഇടമുറി, തോമ്പികണ്ടം മേഖലയിലും വെള്ള ക്ഷാമം തുടരുകയാണ്. വാഹനത്തിൽ വെള്ളം എത്തിക്കണമെങ്കിൽ ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി വേണമെന്ന ന്യായമാണ് പഞ്ചായത്ത് ഉൾപ്പെടെ എടുക്കുന്നത്. ജനങ്ങളുടെ ആവശ്യം അറിഞ്ഞു അധികാരികൾ പ്രവർത്തിക്കണം എന്ന ആവശ്യം ശക്തമാകുകയാണ്. എത്രയുവേഗം അധികൃതർ ഇടപെട്ട് മേഖലയിൽ ടാങ്കറിൽ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കുടിവെള്ള പ്രശ്നത്തിന് ശ്വാശ്വത പരിഹരണം കാണാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനാണ് ജനങ്ങളുടെ തീരുമാനം. ഇതിനായി കണ്ണമ്പള്ളി കുടിവെള്ള പ്രക്ഷോഭ സമിതി എന്നപേരിൽ കൂട്ടായ്മയും രൂപീകരിച്ചു. ജോൺ മാത്യു ചക്കിട്ടയിൽ, എബി പുല്ലമ്പള്ളിൽ,റെജി വെള്ളാട്ടേത്തു, കിരൺ കണ്ണമ്പള്ളി,സജി ചക്കിട്ടയിൽ എന്നിവർ പങ്കെടുത്തു.