rush
അപകടവിവരം അറിഞ്ഞ് തടിച്ചുകൂടിയ ജനം

അടൂർ : റോഡിന് കുറുകെ അലക്ഷ്യമായി ചീറിപായുന്ന നീലനിറത്തിലുള്ള കാർ, കുതിച്ചുമറിഞ്ഞ് വലിയശബ്ദത്തോടെ കനാലിലെ ഒഴുക്കിലേക്ക്, നിലവിളിയും കൂട്ടക്കരച്ചിലും. കണ്ടുനിന്നവർ ആദ്യമൊന്ന് പകച്ചുപോയെങ്കിലും ജീവനുവേണ്ടിയുള്ള നിലവിളിക്കുമുന്നിൽ രക്ഷകരായി. മുങ്ങിതാഴ്ന്ന് ഒഴുകാൻ തുടങ്ങിയ കാർ എം.സി റോഡിന് കുറുകെയുള്ള കനാൽ പാലത്തിൽ തങ്ങി നിന്നപ്പോൾ നാല് ജീവനുകൾ രക്ഷിക്കാനായി. നട്ടുച്ച നേരത്ത്

നടന്ന വലിയ ദുരന്തം അറിഞ്ഞ് നാടുമുഴുവൻ സംഭവസ്ഥലത്തേക്ക് പാഞ്ഞതോടെ എം.സി റോഡിലും ബൈപാസ് റോഡിലും മണിക്കൂറോളം ഗതാഗതം മുടങ്ങി. പാലത്തിനടിയിൽ കുടുങ്ങിയ കാറിന്റെ മുൻ ഗ്ളാസുകളും സൈഡ് ഗ്ളാസുകളും തകർത്താണ് കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്താൻ ശ്രമം നടത്തിയത്. അടിയൊഴുക്കും ചെളിയും രക്ഷാ പ്രവർത്തനത്തിന് തടസമായി. ജീവൻ കൈയിലെടുത്തുള്ള രക്ഷാപ്രവർത്തനം ഏറെ ശ്രമകരമായിരുന്നു. രക്ഷപെടുത്തുന്നതിനിടെ വെള്ളത്തിൽ ഒഴുകിപ്പോയവരെ വീണ്ടും മുങ്ങിയെടുത്താണ് കരയിലെത്തിച്ചത്. ഫയർഫോഴ്സ് സംഘം എത്തിയപ്പോഴേക്കും രക്ഷാപ്രവർത്തനം ഏറെ പുരോഗമിച്ചിരുന്നു. രക്ഷപെടുത്തിയവരെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കാറിനുള്ളിൽവച്ചുതന്നെ വെള്ളത്തിൽ മുങ്ങി ശ്രീജയും ശകുന്തളയും മരിച്ചതായാണ് കരുതുന്നത്. ഒരുമണിക്കൂറോളം രക്ഷാപ്രവർത്തനം നീണ്ടുനിന്നു. പാലത്തിനടിയിൽ കുടുങ്ങിയ കാർ ഫയർഫോഴ്സ് വടംകെട്ടി വലിച്ചെടുത്താണ് ക്രെയിൻ ഉപയോഗിച്ച് കരയ്ക്ക് എത്തിച്ചത്.

രക്ഷകരായത് നാട്ടുകാരും വഴിയാത്രക്കാരും

അടൂർ : മുൻ കരസേനാ ഉദ്യോഗസ്ഥൻ റോബിനും സെയിൽസ് റെപ്രസന്റേറ്റീവായ കലഞ്ഞൂർ സ്വദേശി വിജീഷുമാണ് ആദ്യം രക്ഷകരായി കനാലിൽ ചാടിയത്. അതിന് പിന്നാലെ കെ. എസ്. ഇ. ബി അടൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മസ്ദൂർ ജീവനക്കാരായ നെയ്യാറ്റിൻകര ആലത്തൂർ സ്വദേശി ജയകുമാർ, വിജയകുമാർ, ഒപ്പം നാലോളം നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. റോബിൻ കരസേനയിൽ നിന്ന് വിരമിച്ചശേഷം ഖത്തറിലെ ജോലി സ്ഥലത്ത് നിന്ന് അവധിക്ക് നാട്ടിൽ വന്നതാണ്. കാറിന്റെ മുകളിൽ കയറി നിന്നപ്പോഴും കഴുത്തൊപ്പം വെള്ളം ഉണ്ടായിരുന്നതായി റോബിൻ പറയുന്നു. അപകടം നടന്ന പാലത്തിന് അടിയിൽ വെള്ളത്തിലൂടെ യുവതി മുങ്ങിതാഴ്ന്ന് ഒഴുകുന്നത് കണ്ടാണ് ജയകുമാർ കനാലിലേക്ക് ചാടിയത്. ഇവരെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു സ്ത്രീ ഒഴുകിപ്പോകുന്നത് ജയകുമാർ കണ്ടത്. ശക്തമായ ഒഴുക്കിൽ നിന്ന് അവരേക്കൂടി രക്ഷിക്കാനായില്ല. ഇതിനിടെ ഒഴുകിവന്ന പതിനാലുകാരനെയും ജയകുമാർ രക്ഷപെടുത്തി. ഇവരുടെ സമയോചിതമായ ഇടപെടലാണ് മരണസംഖ്യ കുറയ്ക്കുന്നതിന് ഇടയാക്കിയത്. വാഹനത്തിനുള്ളിൽ വെള്ളം കയറിയാണ് ശ്രീജ (45), ശകുന്തള (51) എന്നിവർ മരിച്ചത്.

ഡ്രൈവർ വരുത്തിവച്ച അപകടം

അടൂർ : ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തം. പന്തളം ഭാഗത്തേക്ക് പോകാനുള്ള സിഗ്നൽ ഉണ്ടെന്നിരിക്കേയാണ് ബൈപാസിലേക്ക് വാഹനങ്ങൾ തിരിയുന്നതിനിടയിലൂടെ കാർ അതിവേഗം പാഞ്ഞതും വീടുകളിലേക്ക് പോകുന്ന ചെറിയ മൺപാതയിലേക്ക് പാഞ്ഞുകയറി പത്തടിയോളം താഴ്ചയുള്ള കനാലിലേക്ക് പതിച്ചതും.