 
തിരുവല്ല: വള്ളംകുളത്തെ നന്നൂരിൽ തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷപെടുത്തി. തെങ്ങുകയറ്റ തൊഴിലാളി കറ്റോട് സ്വദേശിയായ കൃഷ്ണൻകുട്ടി (65) യെയാണ് തെങ്ങിന് മുകളിൽ നിന്നും സുരക്ഷിതമായി താഴെയെത്തിച്ചത്. നന്നൂർ കനകാലയത്തിൽ മനോജ് പണിക്കരുടെ പുരയിടത്തിൽ തേങ്ങ ഇടാനെത്തിയ കൃഷ്ണൻ കുട്ടിയുടെ കാൽ തകരാറിലായ തെങ്ങ് കയറ്റ മെഷീനിൽ കുടുങ്ങുകയായിരുന്നു. ഇന്നലെ രാവിലെ 9.30നാണ് സംഭവം. അറുപതടിയോളം ഉയരമുള്ള തെങ്ങിൽ ഒരു മണിക്കൂറോളം കൃഷ്ണൻകുട്ടി കുടുങ്ങിക്കിടന്നു. തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി ലാഡർ ഉപയോഗിച്ച് കൃഷ്ണൻകുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.