പത്തനംതിട്ട: ജില്ലാ ആസ്ഥാനത്ത് ആരംഭിക്കുന്ന സുഭിക്ഷാ ഹോട്ടലിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ 2000 സ്‌ക്വയർഫീറ്റ് സ്ഥലം നൽകാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സിവിൽ സപ്ലൈസ് വകുപ്പ് നഗരസഭയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡിനു സമീപം എം.എൽ.എ യുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് നഗരസഭയുടെ സ്ഥലത്ത് നിർമ്മിച്ച ട്രാവലേഴ്‌സ് ലോഞ്ചിന്റെ താഴത്തെ നില സുഭിക്ഷ ഹോട്ടൽ നടത്തുന്നതിനായി ഉപയോഗിക്കും. 750 മുതൽ 1000 പേർക്ക് ഭക്ഷണം നൽകാൻ കഴിയുന്ന വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ സ്ഥല പരിമിതിയുണ്ട് എന്നു കാണിച്ച് ജില്ലാ സപ്ലൈ ഓഫീസർ കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് നഗരസഭാ ചെയർമാന്റെ നിർദ്ദേശാനുസരണം മുനിസിപ്പൽ എൻജിനീയറുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി പ്ലാൻ തയാറാക്കി ഭാവിയിൽ ഉണ്ടാക്കുന്ന തിരക്ക് മുൻകൂട്ടി കണ്ട് 1800 ചതുരശ്ര അടി കാർപ്പെറ്റ് ഏരിയ കൂടി അനുവദിക്കണമെന്നാണ് മുനിസിപ്പൽ എൻജിനീയറുടെ റിപ്പോർട്ട്. സ്മാർട്ട് കിച്ചനും ഭക്ഷണശാലയും ഒരുക്കുന്നതിന് 1800 ചതുരശ്ര അടി കൂടി നൽകാൻ നഗരസഭാ കൗൺസിൽ അനുമതി നൽകി. മന്ത്രി വീണാ ജോർജിന്റെ സഹായത്തോടെ ഹോട്ടലിന്റെ പ്രവർത്തനങ്ങൾക്കായി സി.എസ്.ആർ ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നു വരികയാണ്.

''ആവശ്യക്കാർക്ക് 20 രൂപ എന്ന സൗജന്യ നിരക്കിൽ ഉച്ചഭക്ഷണം നേരിട്ടും പാഴ്‌സലായും നൽകുന്നതിനും ശയ്യാവലമ്പരും അശരണരുമായ പാവപ്പെട്ടവർക്ക് സൗജന്യമായി വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകുവാനുമാണ് സുഭിക്ഷ ഹോട്ടലിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നടത്തിപ്പിനായി കുടുംബശ്രീ യൂണിറ്റിനെയാണ് ചുമതലപ്പെടുത്തുന്നത്. മേൽനോട്ടം വഹിക്കാൻ ജില്ലാ സുഭിക്ഷാ കമ്മിറ്റിക്ക് ഇതിനകം തന്നെ രൂപം നൽകിയിട്ടുണ്ട്.

ടി.സക്കീർ ഹുസൈൻ, നഗരസഭ ചെയർമാൻ