പത്തനംതിട്ട: ട്രഷറി തട്ടിപ്പ് കേസിൽ പ്രതി നശിപ്പിച്ചെന്ന് കരുതിയ ചെക്ക് ക്രൈംബ്രാഞ്ച് കണ്ടെടുത്തു. പെരുനാട് സബ് ട്രഷറിയിൽ നടത്തിയ പരിശോധനയിലാണ് ചെക്ക് കണ്ടെത്തിയത്. കമ്പൂട്ടറിന്റെ സി.പി.യുവിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചെക്ക്. 38,000 രൂപയുടെ ചെക്കാണിത്. മുഖ്യപ്രതി ഷഹീർ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ പരിശോധിച്ച ശേഷം ഹാർഡ് ഡിസ്‌ക് അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഈ പരിശോധനയിലാണ് ചെക്ക് സി.പി.യുവിനുള്ളിൽ കണ്ടെത്തിയത്. പിടിച്ചെടുത്ത ഹാർഡ് ഡിസ്‌ക് പരിശോധന നടന്നുവരികയാണ്. പ്രതി ഏഴുതവണ ചെക്ക് ഉപയോഗിച്ച് പണം മാറിയതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ജില്ലാ ട്രഷറിയിൽ മൂന്ന് തവണയും, എരുമേലി സബ് ട്രഷറിയിൽ രണ്ട് തവണയും, മല്ലപ്പള്ളി, പെരുനാട് സബ്ട്രഷറികളിൽ ഓരോ തവണയുമാണ് ചെക്ക് മാറിയിരിക്കുന്നത്. ഇതിൽ പെരുനാട്ടിലെ ചെക്ക് മാത്രമാണ് ഇയാൾ നേരിട്ട് മാറിയിരിക്കുന്നത്. ഈ ചെക്ക് കാണാതായതാണ് തട്ടിപ്പ് പുറത്തു വരാൻ പ്രധാന കാരണം. ഈ ചെക്കാണ് ഇപ്പോൾ അന്വേഷണ സംഘം കണ്ടെത്തിയത്.