
തിരുവല്ല : എസ്.എൻ.ഡി.പി യോഗം ആഞ്ഞിലിത്താനം ശാഖയുടെ ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്‌ഠാക്ഷേത്രത്തിൽ പാദുകപൂജാ മഹോത്സവത്തിന് സമാപനംകുറിച്ച് നടന്ന ആറാട്ട് ഘോഷയാത്ര ഭക്തിസാന്ദ്രമായി. ഏഴുദിവസമായി നടന്നുവന്ന ഉത്സവം സമാപിച്ചു. ഇന്നലെ രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം ഓട്ടൻതുള്ളൽ അരങ്ങേറി. തുടർന്ന് വിശേഷാൽ ഗുരുപൂജയ്ക്ക്ശേഷം ആറാട്ട് സദ്യ ഉണ്ടായിരുന്നു. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, ശാഖാ പ്രസിഡന്റ് എം.പി. ബിനുമോൻ, വൈസ് പ്രസിഡന്റ് മോഹൻ ബാബു, സെക്രട്ടറി കെ. ശശിധരൻ, യൂണിയൻ കൗൺസിലർ അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.ജി.രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് ക്ഷേത്രത്തിൽ സേവയ്ക്ക്ശേഷം നടന്ന ആറാട്ട് എഴുന്നെള്ളത്തിൽ ഭക്തജനങ്ങളും പങ്കുചേർന്നു. ആറാട്ട് സ്ഥലത്ത് നടന്ന സേവയും ആറാട്ടുപൂജയും ഭക്തിനിർഭരമായി. ആറാട്ട് പൂജയ്ക്ക് ക്ഷേത്രം മേൽശാന്തി ദീപുശാന്തി, രാജേഷ് ശാന്തി, വിപിൻ ശാന്തി എന്നിവർ കാർമ്മികരായി. ആറാട്ട് കഴിഞ്ഞുള്ള തിരിച്ചെഴുന്നെള്ളത്തിന് കാരുകോട്ടാൽ, പാമലച്ചിറ, വടക്കുപാമലഭാഗം, മുളക്കുടി, ആഞ്ഞിലിത്താനം എന്നിവിടങ്ങളിൽ ഭക്തജനങ്ങൾ സ്വീകരണം നൽകി. ആറാട്ട് തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിൽ പ്രവേശിച്ചശേഷം കൊടിയിറക്കി. വൈകിട്ട് നാദസ്വര കച്ചേരി, നാദസ്വരം ഫ്യുഷൻ, ബാലെ എന്നിവ നടന്നു.