
കോന്നി : മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ തീരുമാനം അനുകൂലമായാൽ വരുന്ന സെപ്തംബറിൽ കോന്നി ഗവ.മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിക്കാൻ കഴിയും. ഇതിനു മുന്നോടിയായി കഴിഞ്ഞദിവസങ്ങളിൽ മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ പ്രതിനിധികൾ കോന്നിയിൽ സന്ദർശനം നടത്തിയിരുന്നു. 300 കിടക്കകളുള്ള ആശുപത്രിയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഡോക്ടർമാർക്കുള്ള താമസസൗകര്യം, കുട്ടികൾക്കുള്ള ഹോസ്റ്റൽ, പ്രിൻസിപ്പൽ ക്വാർട്ടേഴ്‌സ് എന്നിവയും രണ്ടാംഘട്ടമായി നിർമ്മിക്കും. മെഡിക്കൽ കൗൺസിൽ പ്രതിനിധികളോട് മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. റംലബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിന്നി മാമൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.രാജേന്ദ്രൻ എന്നിവർ ചർച്ചകൾ നടത്തി. പരിശോധനാസംഘം ദേശീയ മെഡിക്കൽ കൗൺസിലിന് റിപ്പോർട്ട് നൽകും. ക്ലാസുകൾ തുടങ്ങുന്നതിന് ആറുമാസങ്ങൾക്ക് മുൻപ് കോളേജിന്റെ പ്രോസ്പെക്ടസ് തയ്യാറാക്കണം. കഴിഞ്ഞ ഡിസംബറിൽ മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ പ്രതിനിധികളുടെ സന്ദർശനം ഉണ്ടാവുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. ഇതിനായി 19 അസിസ്റ്റന്റ് പ്രൊഫസർമാർ, അസോസിയേറ്റ് പ്രൊഫസർമാർ എന്നിവരെ നിയമിച്ചിരുന്നു. തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരെയാണ് കോന്നിയിലേക്ക് മാറ്റിയത്. ഒ.പി വിഭാഗത്തിലും അത്യാഹിതവിഭാഗത്തിലും എത്തുന്ന രോഗികളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയെ കോന്നി മെഡിക്കൽ കോളേജിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇവിടെയെത്തുന്ന രോഗികളുടെ എണ്ണവും മെഡിക്കൽ കോളേജിന്റെ കണക്കിൽപ്പെടും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി കിഫ്‌ബി വഴി 19.64 കോടിരൂപ അനുവദിച്ചിരുന്നു.