1
നിലവിലെ എഴുമറ്റൂർ വില്ലേജ് ഓഫീസ്

മല്ലപ്പള്ളി : താലൂക്കിലെ മൂന്ന് വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു. താലൂക്കിലെ പുറമറ്റം, എഴുമറ്റൂർ, കോട്ടാങ്ങൽ വില്ലേജുകളാണ് ആധുനിക സംവിധാനങ്ങളോടുകൂടി സ്മാർട്ട് വില്ലേജുകളാകുന്നത്. 2019 - 2020 സാമ്പത്തിക വർഷത്തെ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. 2021 ഫെബ്രുവരി 15ന് ഓൺ ലൈനായി മുഖ്യമന്ത്രി പിണറായി വിജൻ നിർമ്മാണോദ്ഘാടനം നിർവഹിച്ച ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ മന്ത്രി ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായിരുന്നു. മന്ത്രി കെ.രാജു,ആന്റോ ആന്റണി എം.പി., രാജു ഏബ്രഹാം എം.എൽ.എ, ജില്ലാ കളക്ടർ ഡോ.എൻ. തേജ് ലോഹിത റെഡി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടത്തിയിരുന്നത്. ഇതിൽ കോട്ടാങ്ങൽ വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം നാളിതു വരെയായിട്ടും നടത്തിയിട്ടില്ലാത്തതുമാണ്. എങ്കിലും ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

നിർമ്മാണത്തിന് 44 ലക്ഷം

44 ലക്ഷം രൂപയാണ് ഓരോ വില്ലേജ് നിർമ്മാണത്തിനും അനുമതി ലഭിച്ചിട്ടുള്ളത്. ഒരു നിലയിൽ ഓപ്പൺ സ്പേയിസിലുള്ള കെട്ടിടങ്ങൾക്ക് 1375 ചതുരശ്ര അടി വിസ്തീർണം ഉണ്ടാകും. ഇതിൽ വില്ലേജ് ഓഫീസറുടെ മുറിയും, സ്റ്റാഫുകൾക്കായി ഗ്ലാസ് പ്ലാന്റേഷൻ ചെയ്ത ഹാളും, റക്കാഡ് റൂമും, ഗുണഭോക്താക്കൾക്കായി വിശ്രമ മുറിയും ഉൾപ്പെടുന്നു. അറ്റാച്ചിഡ് ടോയ്ലറ്റ് സംവിധാനത്തോടു കൂടി ആധുനിക സംവിധാനത്തോടു കൂടി നിർമ്മാണം പൂർത്തീകരിക്കുന്നത്. എഴുമറ്റൂർ വില്ലേജിന്റെ നിർവഹണ ഏജൻസി നിർമ്മിതി കേന്ദ്രം കോഴഞ്ചേരിയും , പുറമറ്റം, കോട്ടാങ്ങൽ വില്ലേജുകളുടെ നിർവഹണ ഏജൻസി നിർമ്മിതി കേന്ദ്രം അടൂരുമാണ്. എഴുമറ്റൂർ വില്ലേജിന്റെ നിർമ്മാണ നടത്തിപ്പിനായി സ്ഥലം നിർമ്മിതി കേന്ദ്രം റീജിയണൽ എൻജിനീയർക്ക് കൈമാറി. വില്ലേജിന്റെ പ്രവർത്തനം പഴയ മാർക്കറ്റ് ജംഗഷനിലെ രവീന്ദ്രൻ.എസ് എന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേയ്ക്ക് മാറ്റി. പൊതുമരാമത്ത് നിശ്ചയിക്കുന്ന വാടകയാകും ഇതിന് നല്കുക. പുറമറ്റം വില്ലേജ് ഓഫീസ് നിർമ്മാണത്തിന് സ്ഥല പരിമിതി നിലനില്ക്കുന്നുണ്ട്. നിലവിലെ കെട്ടിടം മൂന്ന് സെന്റിൽ താഴെ വിസ്തൃതിയുള്ള സ്ഥലമാണ്. സ്ഥലത്തിന്റെ ഘടന അനുസരിച്ച് നിർമ്മാണ പ്രവർത്തനം ആരംഭിക്കും. കുന്നന്താനം വില്ലേജും സ്മാർട്ട് വില്ലേജിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം നിലവിലുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.