
പത്തനംതിട്ട : കൈവരികളില്ലാത്ത കനാലുകൾ അപകട ഭീഷണിയായി. കഴിഞ്ഞ ദിവസം അടൂർ കരുവാറ്റയിൽ നിയന്ത്രണംവിട്ട കാർ കനാലിലേക്ക് മറിഞ്ഞ അപകടത്തിൽ മൂന്നുപേർമരിച്ചിരുന്നു. ഏറെ പരിശ്രമിച്ചാണ് മറ്റുനാലുപേരെ രക്ഷപ്പെടുത്തിയത്. കൈവരികളില്ലാത്തതും മറ്റും രക്ഷാ പ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. ഒരു കൽക്കെട്ട് പോലുമില്ലാതെ നിരപ്പായി കിടക്കുന്ന കനാലിൽ ഇറങ്ങാൻ പരിചയമുള്ളവർ വേണം. കനാലിലെ ഒഴുക്ക് വേഗത്തിലായതിനാൽ രക്ഷാപ്രവർത്തനത്തിനും അത്തരം പരിചയമുള്ളവർക്കേ പറ്റു. എം.സി റോഡ്, കെ.കെ റോഡ്, ടി.കെ റോഡ്, ബൈപാസ്, എൻ.എച്ച് തുടങ്ങിയ റോഡുകളിലൂടെ കനാലുകൾ കടന്നുപോകുന്നുണ്ട്.
ജില്ലയിൽ രണ്ട് കനാലുകളാണുള്ളത്. പി.ഐ.പി കനാലും കെ.ഐ.പി കനാലും. ഇരു കനാലുകളും ഉപ കനാലുകളും പ്രധാന റോഡുകളിലൂടെയടക്കം കടന്നുപോകുന്നുണ്ട്. ഇവയ്ക്കൊന്നിനും കൈവരികളില്ല. റോഡിന് സമാന്തരമായി കടന്നുപോകുന്ന ടാറിട്ടതും കോൺക്രീറ്റ് ചെയ്തതുമായ കനാലിന് സമീപമുള്ള റോഡുകൾ വലിയ അപകട ഭീഷണിയുണ്ടാക്കുന്നുണ്ട്. റോഡിൽ നിന്ന് അധിക ദൂരെയല്ലാതെയാണ് കനാലുകൾ മിക്കതും. വാഹനങ്ങൾ കനാലിലേക്ക് പാളിവീഴാൻ സാദ്ധ്യതയേറെയാണ്. രണ്ടും മൂന്നും മീറ്റർ വീതിയിലാണ് റോഡുകളധികവും. വലിയൊരു വാഹനം എത്തിയാൽ കടന്നുപോകാൻ ബുദ്ധിമുട്ടാണ്. സുരക്ഷാ വേലികളില്ലാത്തതിനാൽ കനാലിലേക്ക് മറിയാനും സാദ്ധ്യതയുണ്ട്.
സുരക്ഷാ വേലികൾ സ്ഥാപിക്കണം
കനാലുകൾക്ക് സുരക്ഷാ വേലി വേണമെന്ന് കഴിഞ്ഞ ദിവസം കരുവാറ്റയിൽ നടന്ന അപകടത്തിൽ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അടൂർ ഫയർഫോഴ്സ് ഓഫീസർ വി. വിനോദ് കുമാർ പറയുന്നു. കനാലിൽ നിന്ന് ദൂരപരിധി പാലിക്കാതെയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. കോൺക്രീറ്റ് റോഡുകളാണ് കനാലിന് സമീപത്ത് അധികവും. നടപ്പാതകളാണെങ്കിലും ഇരുചക്ര വാഹനങ്ങളിൽ എത്തുന്നവരടക്കം കനാലിലേക്ക് വീഴാൻ സാദ്ധ്യതയേറെയാണ്. കനാലുമായി ചേർന്നുതന്നെ പാതയും കടന്ന് പോകുന്നതിനാലാണ് അപകട സാദ്ധ്യതയേറുന്നത്.
ഷട്ടറുകളാണ് മറ്റൊരു പ്രശ്നം. അപകടം നടക്കുമ്പോഴാണ് ഷട്ടറുകൾ എവിടെയാണെന്നും എങ്ങനെ പ്രവർത്തിപ്പിക്കാമെന്നും ശ്രദ്ധിക്കുക. വെള്ളം കടന്നുപോകുന്ന നെറ്റ് മോഡലിലുള്ള ഷട്ടറുകൾ സ്ഥാപിക്കുന്നത് നന്നായിരിക്കും. കൃത്യമായി വൃത്തിയായി സൂക്ഷിക്കണമെന്ന് മാത്രം. ഷട്ടറുകൾ ഇടയ്ക്കിടയ്ക്ക് സ്ഥാപിക്കാൻ കഴിയുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ. കെ.ഐ.പി കനാൽ തെന്മല ഡാമിൽ നിന്നാണ് തുടങ്ങുന്നത്. ഷട്ടറിട്ട് മണിക്കൂറുകൾ കഴിഞ്ഞ് മാത്രമേ വെള്ളം അവിടെ നിന്ന് വെള്ളം നിൽക്കു. അത് മറ്റ് അപകടങ്ങൾക്ക് കാരണമാകും. ഇതെല്ലാം ക്രോഡികരിച്ച് പുതിയ പദ്ധതി തയ്യാറാക്കണം.
-------------------
പി.ഐ.പി കനാൽ : 500 കി.മീ
(മണിയാർ നിന്ന് ആരംഭിച്ച് കാർത്തികപള്ളിയിൽ അവസാനിക്കുന്നു)
കെ.ഐ.പി കനാൽ : 1000 കി.മീ
(തെന്മലയിൽ നിന്ന് തുടങ്ങി ചാരുംമ്മൂട് അവസാനിക്കുന്നു)
---------------------
കെ.ഐ.പി വലതുകര, ഇടതുകര മേജർ കനാലുകൾ
വലതുകര : 69.75 കി.മീ ചാരുംമൂട് വരെ
ഇടതുകര : 56 കി.മീ കുണ്ടറ ഇളംപള്ളൂർ വരെ