road

അടൂർ : പൈപ്പ് സ്ഥാപിച്ചതിലെ അപാകതയെ തുടർന്ന് തകർന്ന കെ. പി റോഡ് പുനരുദ്ധരിക്കാൻ നടപടിയാകുന്നു. ഉന്നത നിലവാരത്തിൽ നിർമ്മിച്ച റോഡിന്റെ രണ്ടുവശങ്ങളും അപകടകരമാംവിധം താഴ്ന്ന അടൂർ സെൻട്രൽ ജംഗ്ഷൻ മുതൽ ഏഴംകുളം പ്ളാന്റേഷൻമുക്ക് വരെയുള്ള അഞ്ച് കിലോമീറ്റർ ഭാഗമാണ് നവീകരിക്കുക. ഇതിനായി 82 ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി ചീഫ് എൻജിനീയറുടെ അനുമതിക്കായി സമർപ്പിച്ചുകഴിഞ്ഞു.

അനുമതിലഭിക്കുന്ന മുറയ്ക്ക് നിർമ്മാണ ജോലികൾക്കായി കരാർ ഉറപ്പിക്കും. റോഡിന്റെ ഇരുവശങ്ങളിലും ഉന്നത നിലവാരത്തിലുള്ള ഡി. ഐ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികൾ വാട്ടർഅതോറിറ്റി നികത്തി കൈമാറിയതിലെ അപാകതകാരണമാണ് റോഡ് തകരാൻ ഇടയാക്കിയതെന്ന് ഇത് സംബന്ധിച്ച വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി . നിർമ്മാണ ജോലികൾ പൂർത്തീകരിച്ച ശേഷമാണ് കെ. പി റോഡ് ഉന്നതനിലവാരത്തിൽ ടാർചെയ്തത്. ഭാരവാഹനങ്ങൾ കടന്നുപോയതോടെ റോഡിന്റെ ഒട്ടുമിക്ക ഭാഗവും താഴ്ന്നു. പൈപ്പ് സ്ഥാപിച്ചപ്പോൾ മതിയായ പ്രഷർ ടെസ്റ്റ് നടത്താത്തതിനെ തുടർന്ന് ജോയിന്റുകളിലൂടെ വെള്ളം ശക്തമായി പുറത്തേക്ക് ചാടി ചിലയിടങ്ങളിലെ ടാർ ഇളകിപ്പോവുകയും ചെയ്തിരുന്നു. ആരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് റോഡ് തകരാൻ ഇടയാക്കിയത് എന്നത് സംബന്ധിച്ച് വിശദമായ വിജിലൻസ് അന്വേഷണവും നടത്തി. മതിയായ അനുപാതത്തിലും കനത്തിലുമാണ് ടാർ ചെയ്തിരിക്കുന്നതെന്ന് വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞതോടെ പൊതുമരാമത്ത് തലയൂരി. പൈപ്പ് മണ്ണിട്ട് നികത്തിയപ്പോൾ വാട്ടർ റോളിംഗ് നടത്തണമെന്നതുൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കാതിരുന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടേതാണ് അനാസ്ഥയെന്ന് കണ്ടെത്തി അവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. റോഡ് തകർന്നതിനാൽ പലയിടങ്ങളിലും വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തുന്നതോടെയാണ് തകർന്ന ഭാഗം പുനരുദ്ധരിക്കാനുള്ള നടപടികൾ പൊതുമരാമത്ത് റോഡ്സ് വിഭാഗം സ്വീകരിച്ചത്. ഇതിനുള്ള നഷ്ടപരിഹാരവും വാട്ടർഅതോററ്റിയിൽനിന്ന് ഇൗടാക്കി.

ദൂരം - ‌5 കിലോമീറ്റർ

എസ്റ്റിമേറ്റ് - 82 ലക്ഷം.

നിർമ്മാണം ഇങ്ങനെ

തകർന്ന ഭാഗം 1.2 മീറ്റർ താഴ്ചയിൽ മുറിച്ചുമാറ്റും.

20 സെന്റീമീറ്റർ കനത്തിൽ ഗ്രാനുലാൽ സബ് ബെയ്സ്,

15 സെന്റീമീറ്റർ കനത്തിൽ ഡബ്ള്യു. എം. എം,

അതിന് മുകളിലായി ബി. എം ആൻഡ് ബി. സി,

അധികം താഴാത്ത ഭാഗങ്ങളിൽ ബി. സി ഉപയോഗിച്ച് ലവൽചെയ്യും.