
പെരിങ്ങനാട് : പന്നിയെ തുരത്താൻ കൃഷിയിടത്തിൽ സ്പ്രേ ചെയ്ത ദ്രാവകം ശ്വസിച്ച് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് 5 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തെന്നാപറമ്പ് മാവിള കിഴക്കതിൽ സജീവ്, അമ്പാടിയിൽ രാജേഷ്, മാവിള കിഴക്കതിൽ സന്തോഷ്, മാവിള താഴേതിൽ അഭിലാഷ്, മാവിള കിഴക്കതിൽ ശാലിനി എന്നിവരുടെ കുടുംബങ്ങളിലെ 17 പേരെയാണ് മലമുകൾ ഹെൽത്ത് സെന്ററിലേക്ക് മാറ്റിയത്.
പെരിങ്ങനാട് തെന്നാപറമ്പിൽ ഏലായിൽ ചൊവ്വാഴ്ച വൈകിട്ട് 3 നാണ് പന്നിയെ തുരത്താൻ രൂക്ഷഗന്ധമുള്ള ദ്രാവകം സ്പ്രേ ചെയ്തത്. വൈകിട്ടോടെ ഏലായ്ക്ക് സമീപമുള്ള 5 വീടുകളിലെ കുട്ടികൾക്കും മുതിർന്നവർക്കും ശ്വാസംമുട്ടലും ഛർദ്ദിയും അനുഭവപ്പെട്ടു. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി ഇവർ വീടുകളിലെത്തിയെങ്കിലും രൂക്ഷമായ ഗന്ധം വിട്ടുമാറാത്തതിനാൽ വീടുകളിൽ താമസിക്കാൻ കഴിഞ്ഞില്ല. വാർഡ് മെമ്പർ ദിവ്യാ അനീഷ് വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരും , കൃഷി വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി ഇവിടെനിന്ന് മാറ്റുകയായിരുന്നു.
അന്വേഷണം വേണമെന്ന് നാട്ടുകാർ
മലയോര കർഷകർ പന്നിയെ തുരത്താൻ കൃഷിയിടങ്ങളിൽ ഉമിയോ അറക്കപ്പൊടിയോ കിഴികെട്ടി കൃഷിയിടങ്ങളിൽ തൂക്കിയിട്ടതിന് ശേഷം ഇതിലേക്ക് ഫിനോയിൽ എന്ന ലായിനി സ്പ്രേ ചെയ്യാറുണ്ട് . മണ്ണിലേക്ക് നേരിട്ട് ഈ ലായിനി സ്പ്രേ ചെയ്തതാണ് പ്രശ്നം സൃഷിടിച്ചതെന്ന് കൃഷി ഓഫീസർ റോണി വർഗീസ് പറഞ്ഞു. കൃഷിയുടമ പെരിങ്ങനാട് പുത്തൻചന്ത ശ്രുതിയിൽ സുരേന്ദ്രനെതിരെ അടൂർ പൊലീസ് കേസെടുത്തു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എന്നാൽ കൃഷിയിടത്തിൽ മാരകമായ വിഷവാതകം തളിച്ചിട്ടുണ്ടന്നും മണ്ണ് പരിശോധന നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ പഞ്ചായത്ത് അധികൃതർ കാര്യക്ഷമമായി ഇടപെടണമെന്ന് ആവശ്യപെട്ട് സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫീസിന് മുന്നിൽ ധർണ നടത്തി. അന്വേഷണം ആവശ്യപ്പെട്ട് വാർഡ് മെമ്പർ ദിവ്യഅനീഷ് മന്ത്രി വീണാജോർജിന് നിവേദനം നൽകി.