tvm
അടൂർ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന യോഗം

അടൂർ : അടൂരിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ആനയടി -കൂടൽ റോഡിൽ പഴയ പൈപ്പുലൈൻ മാറ്റി പുതിയ പൈപ്പുലൈൻ വലിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായും മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് ജലവിഭവവകുപ്പ് മന്ത്രിയുടെ ചേമ്പറിൽ ഡെപ്യൂട്ടി സ്പീക്കറിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. വാട്ടർ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ളപ്രശ്നവും പഴകുളം മുതൽ പള്ളിക്കൽ വരെ പുതിയ പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ടകാര്യവും പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണികളും ഡെപ്യൂട്ടി സ്പീക്കർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. അടൂരിൽ വാട്ടർ അതോറിറ്റി സബ് ഡിവിഷൻ അനുവദിക്കണമെന്ന ഡെപ്യൂട്ടി സ്പീക്കറുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ജലവിഭവ വകുപ്പ് മന്ത്രി ഉറപ്പുനൽകി. സമയബന്ധിതമായി അറ്റകുറ്റ പ്പണികൾ നടത്തണമെന്നും പഴകുളം മുതൽ പള്ളിക്കൽ വരെ റോഡ് ടാർ ചെയ്യുന്നതിനായി പൈപ്പ് ലൈൻ വലിക്കുന്ന നടപടികൾ 25ന് മുമ്പ് പൂർത്തിയാക്കണമെന്നും മന്ത്രി വാട്ടർഅതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിയമസഭാ സമ്മേളനം ചേരുന്ന മുറയ്ക്ക് പൊതുമരാമത്ത്, ജലവിഭവകുപ്പ് മന്ത്രിമാരുടേയും ഡെപ്യൂട്ടി സ്പീക്കറുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്ന് രണ്ട് വകുപ്പുകളിലേയും ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുമെന്നുംഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ജലജീവൻമിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഏഴംകുളത്തും ഏറത്തും ഭരണാനുമതി ലഭിച്ചതായും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. യോഗത്തിൽ അടൂർ നഗരസഭ ചെയർമാൻ ഡി സജി, വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർമാരായ അനിൽകുമാർ കെ.കെ, പ്രകാശ് ഇടിക്കുള,ഡെപ്യൂട്ടി സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി വി. സന്തോഷ് ,വാട്ടർ അതോറിറ്റി ടെക്നിക്കൽ മെമ്പർ ജി.ശ്രീകുമാർ എന്നിവരും ജില്ലയിലെ വാട്ടർ അതോറിറ്റിയുടെ എൻജിനീയർമാരും വിവിധ വകുപ്പ് മേധാവികൾ ഓൺലൈനിലൂടെയും യോഗത്തിൽ പങ്കെടുത്തു.