ചെങ്ങന്നൂർ: സംസ്ഥാനത്ത് ജൈവ പച്ചക്കറി കൃഷി ചെയ്യുവാൻ ആവശ്യമുള്ളത്ര മണ്ണുണ്ട്. ഈ മണ്ണിനൊപ്പം കൃഷിചെയ്യാൻ പാകമായ മനസാണ് ഉണ്ടാകേണ്ടതെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. വിഷ രഹിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പതിനായിരം ഹെക്ടറിൽ കൂടി ജൈവകൃഷി വർദ്ധിപ്പിക്കും. കാർഷിക, ജല സമൃദ്ധിയ്ക്കു പ്രോത്സാഹനം നൽകുന്ന തരിശുരഹിത ചെങ്ങന്നൂർ സമൃദ്ധി പദ്ധതി പൂർത്തീകരിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു. വെണ്മണി കോമൻകുളങ്ങര പാടശേഖരത്തിൽ നവീകരിച്ച വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. അടുത്ത ഒരു വർഷത്തിനുള്ളിൽ ചെങ്ങന്നൂരിനെ സമ്പൂർണ തരിശു രഹിതമണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കാർഷിക സംസ്‌കാരത്തിനു മനുഷ്യത്വത്തിന്റെയും ഐക്യത്തിന്റെയും മുഖം കൂടിയുണ്ട്. കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൈവകൃഷി കൂടുതൽ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എൽ.ഡി.സി ചെയർമാൻ പി.വി സത്യനേശൻ, കെ.എസ്.സി.എം.സി ചെയർമാൻ എം.എച്ച് റഷീദ്, പഞ്ചായത്തു പ്രസിഡന്റുമാരായ ടി.സി സുനിമോൾ, എൻ.പത്മാകരൻ, എം.ജി ശ്രീകുമാർ, കെ.ആർ മുരളീധരൻ പിള്ള, ജില്ലാ പഞ്ചായത്തംഗം മഞ്ജുളാ ദേവി, സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ, വെൻസെക്ക് ചെയർമാൻ ബാബുജി, പി.രാജീവ്, ഫാ.ജോൺസൺ, ഷേർലി സാജൻ, സൗമ്യ റെനി, അനിൽ ജോർജ്ജ്, ഉമാദേവി, അജിത മോഹൻ, എൻ.ആർ സോമൻ പിള്ള, ആർ.ശ്രീരേഖ, കെ.എസ് സുനിജ,കെ.എസ് സഫീന, എസ്.ഗീത, അഡ്വ.സുരേഷ് മത്തായി, ജി.വിവേക്, ജി.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് സ്വാഗതവും വെണ്മണി കൃഷി ഓഫീസർ എസ് ശുഭജിത്ത് നന്ദിയും പറഞ്ഞു.