karthik
കാ‌ർത്തിക്

ചെങ്ങന്നൂർ: വ്യാജ ലോജിസ്റ്റിക്ക് കമ്പനിയുടെ പേരിൽ വാഹനങ്ങൾ കരാറിലെടുത്തു തട്ടിപ്പുനടത്തിയതിന് കൊല്ലം പൊലീസ് അറസ്റ്റുചെയ്ത യുവാവിനെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. പാലക്കാട് ചിറ്റൂർ പെരുവമ്പ് വെള്ളീശരം ചെറുവട്ടത്ത് സ്വദേശി എറണാകുളം കാക്കനാട് തേവയ്ക്കൽ പുത്തൻ പുരയ്ക്കൽ ലൈൻ 48ൽ താമസിക്കുന്ന കാർത്തിക് (27)നെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. തട്ടിപ്പിലൂടെ വാഹനം നഷ്ടപ്പെട്ട ചെങ്ങന്നൂർ അങ്ങാടിക്കൽ തുണ്ടത്തുമലയിൽ ഉഷാ അനിൽ കുമാർ ചെങ്ങന്നൂർ പൊലിസിൽ നൽകിയ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഉഷയുടെ മകൻ അഭിജിത് അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള മഹിന്ദ്രാബൊലേറോ പിക്കപ്പ് (കെ.എൽ. 30ജെ 2075 )വാഹനം 26,000 രൂപ മാസ വാടകയ്ക്കു കരാർ ഉറപ്പിച്ച് കഴിഞ്ഞ നവംബറിൽ കാർത്തിക് എടുത്തിരുന്നു. ഫോണിലൂടെ ബന്ധപ്പെട്ട ശേഷം ചെങ്ങന്നൂരിൽ എത്തി വാഹനം കൊണ്ടുപോവുകയായിരുന്നു . എറണാകുളത്തുള്ള ലോജിസ്റ്റിക് സർവീസ് മാനേജിംഗ് കമ്പനി എന്ന സ്ഥാപനത്തിന്റെ ആവശ്യത്തിനെന്നു പറഞ്ഞായിരുന്നു വാഹനം കൈക്കലാക്കിയത്. അഡ്വാൻസ് തുകയായി 30,000 രൂപ ഉടൻ കൈമാറുമെന്നും പ്രതിമാസയിനത്തിൽ വാടക തുക ഉടമയുടെ ബാങ്ക് അക്കൗണ്ട് വഴി നൽകുമെന്നുമായിരുന്നു കരാറിലെ വാഗ്ദാനം. എന്നാൽ വാഹനം കൊണ്ടുപോയി മൂന്നു മാസം കഴിഞ്ഞിട്ടും അഡ്വാൻസ് തുകയും മാസവാടകയും നൽകാതിരുന്നതിനെ തുടർന്ന് ഉടമ ടെലഫോൺ വഴി വാഹനം തിരികെ ആവശ്യപ്പെട്ടെങ്കിലും കാർത്തിക് ഒഴിഞ്ഞുമാറി. ഇതിനിടെ കാർത്തിക്ക് ഇത്തരത്തിൽ നടത്തിയ നിരവധി തട്ടിപ്പ് വിവരങ്ങളും ഇവർ അറിഞ്ഞു. സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് കൊല്ലം കിളികൊല്ലൂർ പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്ന് ചെങ്ങന്നൂർ പൊലീസ് കൊല്ലത്തെത്തി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിനെ തുടർന്ന് തൃശൂരിലെ തൃപ്രയാറിൽ നിന്ന് ബുധനാഴ്‌ച രാത്രി വാഹനം കണ്ടെത്തി. ചെങ്ങന്നൂരിൽ നിന്ന് വാടകക്കരാറിൽ കൊണ്ടുപോയ വാഹനം രണ്ടു ലക്ഷം രൂപയ്ക്ക് തൃപ്രയാറിൽ പണയപ്പെടുത്തിയിരിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. വിശ്വാസവഞ്ചന, ചതി എന്നീ വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റിമാൻഡ് ചെയ്തു.