wwwww

പത്തനംതിട്ട: നഗരത്തിലെ ജലക്ഷാമം സമ്പൂർണമായി പരിഹരിക്കുന്നതിനായി അമൃത് 2. 0 പദ്ധതിയുമായി പത്തനംതിട്ട നഗരസഭ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന അമൃത് 2.0 പദ്ധതിക്ക് 8 മുതൽ 50 കോടി വരെയാണ് ലഭിക്കുക. മൊത്തം പദ്ധതി തുകയുടെ 10 ശതമാനമാണ് നഗരസഭ നൽകേണ്ടത്. എല്ലാ വീടുകളിലും ഗാർഹിക പൈപ്പ് കണക്ഷൻ എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇപ്പോഴത്തെ ജല സ്രോതസായ അച്ചൻകോവിലാറിൽ നിന്ന് ജില്ലാ ആസ്ഥാനത്തിന്റെ ആവശ്യകതയ്ക്ക് പൂർണമായും ജല ലഭ്യത ഭാവിയിൽ ഉണ്ടാകില്ല എന്നും വിലയിരുത്തലുണ്ട്. അതിനാൽ മണിയാർ ഡാമിൽ നിന്ന് പ്രത്യേക പൈപ്പ് ലൈനിലൂടെ പത്തനംതിട്ട നഗരത്തിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള നിർദ്ദേശവും പ്രോജക്ടിലുണ്ട്. മണിയാറിലുളള പമ്പ ഇറിഗേഷൻ പദ്ധതിയുടെ സ്ഥലത്ത് ഇതിനാവശ്യമായ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രതിദിനം 25 ദശലക്ഷം ലിറ്റർ വെള്ളമെങ്കിലും ശുദ്ധീകരിക്കാൻ ആവശ്യമായ പ്ലാ ന്റിനെക്കുറിച്ചുളള ആലോചനയാണ് ഇപ്പോഴുള്ളത്. പത്തനംതിട്ട - കുമ്പഴ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ വ്യത്യസ്ത ശേഷിയിലുളള 8 റിസർവോയറുകൾ സ്ഥാപിച്ച് അവിടേക്ക് വെള്ളം എത്തിച്ച് വിതരണം ചെയ്യാനുള്ള നിർദ്ദേശവും കർമ്മ പദ്ധതിയിലുണ്ട്. വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്കും നഗരസഭാ എൻജിനീയറിംഗ് വിഭാഗത്തിനും പുറമെ വാട്ടർ അതോറിറ്റി റിട്ടയേഡ് ചീഫ് എൻജി നീയർ സ്വാമിനാഥന്റെ സാങ്കേതിക ഉപദേശത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. റിപ്പോർട്ട് ജല കർമ്മ പദ്ധതി ചീഫ് സെക്രട്ടറി അദ്ധ്യ ക്ഷനായുളള ഉന്നതാധികാര കമ്മിറ്റിക്ക് സമർപ്പിക്കും. അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ പദ്ധതി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് അംഗീകാരത്തിനായി ഫെബ്രുവരി മാസം തന്നെ സമർപ്പിക്കും.

ഇതുസബന്ധിച്ച യോഗത്തിൽനഗരസഭാ ചെയർമാൻ .ടി. സക്കീർ ഹുസൈൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഇന്ദിരാമണിയമ്മ, ജെറി അലക്സ്, അംബിക വേണു, കെ.ആർ.അജിത് കുമാർ, വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ തുളസീധരൻ, അസിസ്റ്റന്റ് എൻജി നീയർ സതീഭായി, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, റിട്ടയേഡ് വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ സ്വാമിനാഥൻ, മുനിസിപ്പൽ സെക്രട്ടറി ഷെർളാ ബീഗം തുടങ്ങിയവർ പങ്കെടുത്തു.