തിരുവല്ല : വഞ്ചിപ്പാട്ടും ആർപ്പുവിളിയുമായി നിരണം ചുണ്ടന്റെ ഉളികുത്തൽ ജനങ്ങളെ ആവേശത്തിലാക്കി. കളിവള്ളങ്ങളും പള്ളിയോടങ്ങളും ജില്ലയിലെ ഏറെയുണ്ടെങ്കിലും ആദ്യമായാണ് മത്സര വള്ളംകളിക്കുവേണ്ടി ഒരു ചുണ്ടൻവള്ളം പണിപ്പുരയിൽ ഒരുങ്ങുന്നത്. ഇരതോട്ടിലെ നിരണം ചുണ്ടന്റെ മാലിപ്പുരയിലേക്ക് വള്ളപ്രേമികൾ ഒഴുകിയെത്തിയപ്പോൾ നിരണംപ്രദേശം മറ്റൊരു ചരിത്രസംഭവത്തിന് കൂടി സാക്ഷിയായി. വള്ളത്തിന്റെ നിർമ്മാണത്തിനായി പൊൻകുന്നത്തുനിന്ന് ആഞ്ഞിലിത്തടി എത്തിച്ചപ്പോഴും കടപ്ര ജംഗ്‌ഷനിൽ നിന്ന് പൗരാവലി വമ്പിച്ച സ്വീകരണമാണ് ഒരുക്കിയത്. പൂജകൾക്കുശേഷം മുഖ്യശിൽപി ഉമാ മഹേശ്വരൻ ഉളികുത്ത് കർമ്മം നിർവ്വഹിച്ചു. ഇരതോട് പള്ളിക്കടവിൽ ഉത്സവാന്തരീക്ഷത്തിലാണ് ചടങ്ങുകൾ നടന്നത്. ചുണ്ടൻവള്ളം സമിതി വൈസ് പ്രസിഡന്റ് റോബി തോമസ്, രക്ഷാധികാരി റവ.തോമസ് പുരയ്ക്കൽ, സെക്രട്ടറി അജിൽ പുരയ്ക്കൽ, ട്രഷറർ ജോബി ആലപ്പാട്ട്, റെന്നി തേവേരിൽ, കോർഡിനേറ്റർ ലെനിൻ, അമൽ ആലപ്പാട്ട്, വാർഡ് മെമ്പർ അലക്സ് പുത്തുപ്പള്ളിൽ, അന്നമ്മ ജോർജ് റെന്നി, വിവിധ വള്ളംകളി സമിതി ഭാരവാഹികളായ ഷാജി ചേരമർ, ജോമോൻ ചക്കാലയിൽ, ജോഷി കാവാലം, അജു മേൽപ്പാടം തുടങ്ങിയവർ പ്രസംഗിച്ചു.