cybercrime

കോന്നി : പൊതുമേഖല സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടുന്ന വ്യാജ റിക്രൂട്ടിംഗ് ഏജൻസികളും ലോൺ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങളും വർദ്ധിക്കുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ , ദേശസാൽകൃതബാങ്കുകൾ, കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒഴിവുണ്ടെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വ്യാജ ഇ മെയിൽ ഐ ഡി യും സ്ഥാപനങ്ങളുടെ പേരിനോട് സാമ്യമുള്ള വെബ് സൈറ്റുകളും തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. പലരും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് ആണെന്ന് കരുതി രജിസ്റ്റർചെയ്യും. ഇതോടെ മൊബൈലിലേക്ക് വിളിച്ചു ഓൺലൈൻ വഴി പണം അടയ്ക്കാൻ ആവശ്യപ്പെടും. വ്യക്തി വിവരങ്ങളും ചോർത്തും. കൊവിഡ് വരുത്തിവച്ച തൊഴിൽ നഷ്ടവും സാമ്പത്തികദുരിതവും പലരെയും വളരെ എളുപ്പത്തിലാണ്‍ കെണിയിലാക്കുന്നത്.

പ്ലേ സ്റ്റോറിൽ ധാരാണം ഇൻസ്റ്റന്റ് ലോൺ ആപ്പുകളുണ്ട്. ഇവയിൽ ഭൂരിഭാഗം വായ്പാ ദാതാക്കൾക്കും ആർ.ബി.ഐയുടെ എൻ.ബി.എഫ്‌‌.സി ലൈസൻസ് ഇല്ലാത്തതാണ്.

ഏഴു ദിവസം മുതൽ ആറുമാസംവരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകൾക്ക് 20% മുതൽ 40% വരെയുള്ള പലിശയും 10 മുതൽ 25 ശതമാനംവരെ പ്രോസസ്സിംഗ് ചാർജ്ജുമാണ് ഈടാക്കുന്നത്. കേവലം ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും സോഫ്റ്റ് കോപ്പികൾ മാത്രമേ വായ്പതുക അക്കൗണ്ടിലേക്ക് മാറ്റാൻ ഇവർ ആവശ്യപ്പെടുന്നുള്ളൂ. ഇ.എം.ഐ മുടങ്ങുന്ന പക്ഷം ഇവരുടെ ഭീഷണി തുടങ്ങും. പിന്നീട്, ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ ഫോൺ ഉടമ സമ്മതിച്ച ഉറപ്പുപ്രകാരം വായ്പയെടുത്തവരുടെ കോണ്ടാക്ട് വിവരങ്ങൾ കൈക്കലാക്കി അവരുടെ സുഹൃത്തുക്കളുടെ നമ്പറുകളിലേക്ക് മെസ്സേജ് അയയ്ക്കുകയും വിളിച്ചു ശല്യംചെയ്യുകയും ചെയ്യും. തട്ടിപ്പിനിരയാകുന്നവർ ആപ്പ് ഇൻസ്റ്റാൾചെയ്യുന്ന വേളയിൽ യാതൊന്നും ശ്രദ്ധിക്കാതെ വായ്പ്പാ ആപ്പുകാർ ആവശ്യപ്പെടുന്ന പെർമിഷനുകൾ നൽകുകയാണ്. ഇതുവഴി സ്വകാര്യ വിവരങ്ങൾ ചോർത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോൺ പോലും വിദൂര നിയന്ത്രണത്തിലാക്കാൻ തട്ടിപ്പുകാർക്ക് അവസരം ലഭിക്കും.