photo

പ്രമാടം : തടസങ്ങളും അനിശ്ചിതത്വങ്ങളും ഒഴിഞ്ഞതോടെ പൂങ്കാവ് - പ്രമാടം- പത്തനംതിട്ട റോഡ് നിർമ്മാണം പുരോഗമിക്കുന്നു. തുടക്കത്തിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വസ്തു ഉടമകളുമായി ചിലയിടങ്ങളിൽ തർക്കങ്ങളും ഓടനിർമ്മാണവുമായി ബന്ധപ്പെട്ട് കേസുകളും നിലനിന്നിരുന്നു. ഇതേ ത്തുടർന്ന് പ്രതിസന്ധിയിലായ പണികളാണ് ഇപ്പോൾ പുരോഗമിച്ചിക്കുന്നത്. നിലവിലുള്ള റോഡിന്റെ വീതികൂട്ടുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. റോഡിന്റെ ടാറിംഗ് ജെ.സി.ബി ഉപയോഗിച്ച് കൊത്തിയിളക്കി റോളർ ഉപയോഗിച്ച് ഉറപ്പിക്കുന്ന ജോലിയും പുരോഗമിക്കുന്നു. തുടർന്നാണ് ഉന്നത നിലവാരത്തിൽ ടാർ ചെയ്യുന്നത്.

അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായി 2020- 21 ബഡ്ജ​റ്റിൽ വകയിരുത്തിയ

7 കോടി രൂപ അനുവദിച്ചാണ് ഉന്നത നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നത്. കിഴക്കൻ മലയോര മേഖലയിലുളളവർ ജില്ലാ ആസ്ഥാനത്തേക്കും പത്തനംതിട്ടയിൽ നിന്ന് കോന്നി

മെഡിക്കൽ കോളേജ്, അടവി, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും വേഗത്തിൽ എത്താൻ ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. റോഡു നിർമ്മാണം പൂർത്തിയാകുന്നതോടെ പത്തനംതിട്ടയ്ക്കുള്ള പ്രധാന പാതയായി ഇത് മാറും.