ssssss

പത്തനംതിട്ട: കെ.എസ്.ഇ.ബി പത്തനംതിട്ട സർക്കിളിൽ 27സോളാർ നിലയങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചു. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പാനലുകൾക്ക് 25 വർഷത്തെ ഗാരന്റിയാണ് നൽകുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്‌സിഡിയോടു കൂടി വീടിന് മുകളിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുകയും അതിൽ നിന്ന് സൗരോർജ്ജത്തിലൂടെ വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതി.
സോളാർ നിലയത്തിൽ നിന്ന് ഉപഭോക്താവിന് പ്രതിമാസം 575 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കും. ഉപയോഗത്തിന് ശേഷം വരുന്ന അധിക വൈദ്യുതി യൂണിറ്റിന് നിശ്ചിത വിലക്ക് കെ.എസ്.ഇ.ബിക്ക് നൽകാം. 2,47,064 രൂപ മുതൽമുടക്കിൽ സ്ഥാപിച്ച നിലയത്തിന് സബ്‌സിഡി തുകയായ 57400രൂപ കുറച്ച് 189664 രൂപയാണ് ഉപഭോക്താവിന് അടയ്ക്കേണ്ടിവന്നത്.
പദ്ധതി സ്ഥാപിക്കാനാവശ്യമായ ആകെ തുകയിൽ 3 കിലോവാട്ട് വരെ 40 ശതമാനം സബ്‌സിഡിയും 3 മുതൽ 10 കിലോവാട്ട് വരെ 20 ശതമാനം സബ്സിഡിയും ലഭിക്കും. മാർച്ച് 31ന് മുൻപായി 35000 ഉപയോക്താക്കളിലായി 100 മെഗാവാട്ട് ശേഷിയാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഉപഭോക്താവിന് മുടക്കു മുതൽ ഏകദേശം 56 വർഷം കൊണ്ട് തിരികെ ലഭിക്കും.

ആറൻമുളയിലെ ഉദ്ഘാടനം നാളെ

ആറൻമുള മണ്ഡലത്തിലെ ഇലന്തൂർ പഞ്ചായത്തിലെ പുക്കോട്, പുതുപറമ്പിൽ എൻ ശിവരാജിന്റെ വീട്ടിൽ ആദ്യ ഘട്ടത്തിൽ സോളാർ നിലയത്തിന്റെ ഉദ്ഘാടനം നാളെ ആരോഗ്യ മന്ത്രി വീണാജോർജ് നിർവഹിക്കും. ആറന്മുള നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ചത് സോളാർ നിലയങ്ങളാണ്.