പത്തനംതിട്ട : ചിറ്റാർ പഞ്ചായത്തിൽ എസ്റ്റേറ്റ് ഭൂമി വാങ്ങി താമസക്കാരായ ആയിരത്തിലധികം കുടുംബങ്ങളുടെ ഭൂപ്രശ്‌നത്തിന് പരിഹാരമായതായി കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. പതിറ്റാണ്ടുകളായി നിലനിന്ന പോക്കുവരവ്, കരമടയ്ക്കൽ, കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ എന്നീ പ്രശ്‌നങ്ങൾക്കാണ് മന്ത്രിയുടെ ഇടപെടലിലൂടെ പരിഹാരമായത്. സ്വന്തം ഭൂമിക്ക് കരം അടക്കാൻ സാധിക്കാതെ ആയിരത്തിലധികം കുടുംബങ്ങൾ ദുരിതത്തിലായിരുന്നു. 1963ലെ ഭൂപരിഷ്‌കരണ നിയമ പ്രകാരം എസ്റ്റേറ്റ് ഭൂമി വിലയ്ക്ക് വാങ്ങിയാൽ പോക്കുവരവ് ചെയ്ത് കരം തീർത്ത് നല്കുവാൻ കഴിയില്ല എന്ന നിയമപ്രശ്‌നമാണ് ഭൂമി വാങ്ങിയ തൊഴിലാളികൾ ഉൾപ്പടെയുള്ള ആയിരത്തിലധികം കുടുംബങ്ങൾക്ക് പ്രതിസന്ധിയായി മാറിയത്. അനുകൂല കോടതി വിധിയിലൂടെ ചെലയാളുകൾ പോക്കുവരവ് ചെയ്യിച്ചുവെങ്കിലും ബഹുഭൂരിപക്ഷവും നിയമത്തിന്റെ നൂലാമാലയിൽ പെട്ട് വില കൊടുത്ത് വാങ്ങിയ ഭൂമിയുടെ അവകാശികളല്ലാതെ തുടരുകയായിരുന്നു. മന്ത്രി കെ.രാജൻ എം.എൽ.എമാർക്ക് പരാതി സമർപ്പിക്കാൻ ആരംഭിച്ച മിഷൻ ആൻഡ് വിഷൻ ഡാഷ് ബോർഡ് പദ്ധതിയിൽ ചിറ്റാറിലെ ഭൂപ്രശ്‌നം പരാതിയായി കെ.യു. ജനീഷ് കുമാർ എം.എൽ.എ എത്തിതോടെയാണ് പ്രശ്‌ന പരിഹാരത്തിന് വഴിതെളിഞ്ഞത്. പരാതിയെ തുടർന്ന് പ്രശ്‌നം പരിഹരിക്കുന്നതിന് തുടർച്ചയായ ഇടപെടൽ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായി. വിഷയത്തിന്റെ ഗൗരവം മനസിലാക്കി പ്രശ്‌ന പരിഹാരത്തിനായി ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യരും സജീവമായി ഇടപെട്ടു. ചിറ്റാർ എസ്റ്റേറ്റ് ഭൂമിയിലെ ആയിരത്തോളം കുടുംബങ്ങൾക്ക് കരം അടയ്ക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. നിലവിലുള്ള മുഴുവൻ അപേക്ഷകർക്കും ഭൂമി പേരിൽ കൂട്ടി കരം തീർത്ത് ഉടൻ ലഭ്യമാകുമെന്നും എം.എൽ.എ പറഞ്ഞു.