അടൂർ :കരുവാറ്റ പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറുടെ മൊഴിശേഖരിക്കാനായില്ല. അപകടത്തിൽ മരിച്ച ആയൂർ ഇളമാട് അമ്പലമുക്ക് രാഹുൽ ഭവനത്തിൽ ശകുന്തളയുടെ മൃതദേഹം കൊവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെയാണ് മോട്ടോർ വാഹനവകുപ്പ് അധികൃതരും പൊലീസും മൊഴി ശേഖരിക്കുന്നതിൽ നിന്ന് തൽക്കാലം മാറിനിന്നത്.

കൊല്ലം ഇളമാട് എ. കെ. ജി മുക്ക് ഹാപ്പി വില്ലയിൽ ശരത് (35) ആണ് കാർ ഒാടിച്ചിരുന്നത്. അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശരത് തൊട്ടടുത്ത ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറി. കൊവിഡ് ബാധിച്ച ആളുമായി രണ്ടുമണിക്കൂറോളം വാഹനത്തിൽ യാത്രചെയ്തതിനാലാണിത്. മോട്ടോർ വാഹന വകുപ്പ് അധികൃതർ അപകടത്തിൽപ്പെട്ട കാർ കഴിഞ്ഞ ദിവസം പരിശോധിച്ചു. വാഹനത്തിന്റെ തകരാർകൊണ്ടോ, സിഗ്നലിന്റേയോ റോഡിന്റേയോ പ്രശ്നങ്ങൾകൊണ്ടോഅല്ല അപകടമെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നും പത്തനംതിട്ട ആർ.ടി. ഒ എം. കെ. ദിലു പറഞ്ഞു.

മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഇയാളിൽ നിന്ന് മൊഴി ശേഖരിച്ചശേഷമേ ലൈസൻസ് എത്രനാളത്തേക്ക് സസ്പെന്റ് ചെയ്യണമെന്നത് സംബന്ധിച്ച് മോട്ടോർ വകുപ്പ് നടപടി സ്വീകരിക്കു. ഗൂഗിൾമാപ്പ് നൽകിയ തെറ്റായ റൂട്ട് കണ്ടോ, അടുത്ത സിഗ്നൽ വീഴുന്നതിന് മുന്നോടിയായി വാഹനം തെറ്റായ ദിശയിലൂടെ മുന്നോട്ട് എടുക്കുനതിന് നടത്തിയ ശ്രമമോ ആകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അശ്രദ്ധയോടെ കാർ ഒാടിച്ചതിന് ശരത്തിന്റെ പേരിൽ അടൂർ പൊലീസും കേസ് എടുത്തിട്ടുണ്ട്. അതേ സമയം വാഹനത്തിന് തേഡ് പാർട്ടി ഇൻഷ്വറൻസ് മാത്രമേയുള്ളൂ എന്നും അന്വേഷണത്തിൽ വ്യക്തമായി. അതിനാൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കുമെങ്കിലും വാഹനത്തിന് ലഭിക്കില്ല. കെ. എൽ. 24 ടി 0170 എന്ന നീല മാരുതി സിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള സിഗ്നൽ ഉള്ളതിനാൽ വാഹനങ്ങൾ ബൈപാസിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അതേ ദിശയിലേക്ക് വാഹനം ഒാടിച്ച് കയറ്റി കനാൽക്കരയിലെ റോഡിൽ എത്തി നിയന്ത്രണംവിട്ട് മറിഞ്ഞത്. ഹരിപ്പാട്ടുള്ള വധൂഗൃഹത്തിൽ പുടവ കൊടുക്കുന്നതിനായി പുറപ്പെട്ട സംഘത്തിലെ അഞ്ച് കാറുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്.

ബന്ധുക്കളായ ഇന്ദിരയുടേയും ശകുന്തളയുടേയും കുടുംബ സുഹൃത്തായ ശ്രീജയയുടേയും മരണത്തെ തുടർന്ന് വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ഇളമാട് അമ്പലമുക്ക് സ്വദേശി അമൽ ഷാജിയുടെ വിവാഹം മാറ്റി.ഹരിപ്പാടുവെച്ചായിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.