പത്തനംതിട്ട: നികുതിപിരിവ് ഊർജിതമാക്കാൻ വൻ ഇളവുകൾ നഗരസഭാ കൗൺസിൽ പ്രഖ്യാപിച്ചു. വിവിധ നികുതി കുടിശിക ഇനത്തിൽ 7 കോടി രൂപ നഗരസഭയ്ക്ക് ലഭിക്കാനുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭ പരമാവധി കുടിശിക പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്. മാർച്ച് 31ന് മുമ്പായി വാടക കുടിശിക പൂർണമായും അടക്കുന്ന കെട്ടിടങ്ങളിലെ വ്യാപാരികൾക്ക് ആറ് മാസത്തെ വാടക ഇളവ് ചെയ്തു നൽകാൻ കൗൺസിൽ തീരുമാനിച്ചു. നഗരത്തിലെ കെട്ടിട ഉടമകൾക്ക് കെട്ടിട നികുതി ഇനത്തിലുള്ള കുടിശിക അടയ്ക്കുമ്പോൾ പിഴപ്പലിശ പൂർണമായും ഒഴിവാക്കാനും തീരുമാനമുണ്ട്. തൊഴിൽ നികുതി കുടിശിക പൂർണമായും അടയ്ക്കുന്നവർക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. നികുതിപിരിവ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുവേണ്ടി 32 വാർഡുകളിലും പ്രത്യേക കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കും. ഈ മാസം 16മുതലാണ് വാർഡ് അടിസ്ഥാനത്തിൽ കളക്ഷൻ കേന്ദ്രങ്ങൾ തുടങ്ങുന്നത്. നികുതി അടയ്ക്കുന്നതിനായി നഗരസഭാ ഓഫീസിലേക്ക് പോകാതെ തന്നെ ഓരോ വാർഡുകളിലും സൗകര്യമൊരുക്കുന്നതിനാണ് കളക്ഷൻ സെന്ററുകൾ തുടങ്ങുന്നത്. ഓരോ വാർഡിലും ഓരോ ദിവസം എന്ന ക്രമത്തിൽ രാവിലെ 8 മുതൽ 3വരെയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥരോടൊപ്പം നികുതി ദായകരെ സഹായിക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകരെയും വോളണ്ടിയർമാരെയും ക്രമീകരിച്ചിട്ടുണ്ട്.
....................
'' വാടക ഇളവ് ലഭിക്കുന്നതിനും പിഴപ്പലിശ ഒഴിവാക്കി കിട്ടുന്നതിനുമായി ഈ അവസരം ഉപയോഗിക്കണം. കൊഡിന്റെ പശ്ചാത്തലം കൂടി കണക്കെടുത്തും വ്യാപാരി സംഘടനകളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നുമാണ് ഇളവുകൾ കൗൺസിൽ യോഗം അംഗീകരിച്ചത്.
ടി.സക്കീർ ഹുസൈൻ,
(നഗരസഭ ചെയർമാൻ)